ഡി.എം.കെയെ പിന്നിൽ നിന്നു കുത്തി കോൺഗ്രസ്; തമിഴ്നാട്ടിൽ ടി.വി.കെയ്ക്ക് പിന്തുണ, വിജയ് ഗവ‌ർണറെ കണ്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടി.വി.കെ.) നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിജയ് മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് ഗവർണറുടെ ചുമതല വഹിക്കുന്ന രാജേന്ദ്ര ആ‌ർലേക്കറെ കണ്ട് കത്തുനല്കി. ടി.വി.കെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പുതിയ സർക്കാരിന് അരങ്ങൊരുങ്ങിയത്.

ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കടുത്ത വിമർശനവുമായി ഡി.എം.കെ. രംഗത്തെത്തി. ഡി.എം.കെ. വക്താവ് ശരവണൻ അണ്ണാദുരൈ കോൺഗ്രസിനെ വിശേഷിപ്പിച്ചത് പിന്നിൽനിന്ന് കുത്തുന്നവരെന്നാണ്. ടി.വി.കെയ്ക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം ഏകപക്ഷീയമാണെന്നും അത് ഡി.എം.കെ. അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

പരസ്പര ബഹുമാനം, അർഹമായ പങ്കാളിത്തം, ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമായ ഈ സഖ്യം ഇപ്പോൾ സർക്കാരുണ്ടാക്കാൻ മാത്രമല്ല വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ലോക്സഭ, രാജ്യസഭ തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ മാത്രമല്ല കേന്ദ്രത്തിലും വലിയ മാറ്റങ്ങൾക്ക് വഴിത്തിരിവാകും. ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷിയായ ഡി.എം.കെയെ പൂർണ്ണമായും തള്ളാൻ കോൺഗ്രസിനാകില്ല. തള്ളിയാൽ 2029ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തങ്ങളുടെ തന്ത്രങ്ങൾ കോൺഗ്രസിന് പുനഃപരിശോധിക്കേണ്ടി വരും. അതേസമയം ഇന്ത്യാ സഖ്യത്തിൽ ഡി.എം.കെയോടൊപ്പം തുടരുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. ഇതെങ്ങനെ സാധ്യമാകും എന്നതിൽ അവ്യക്തത നിലനില്ക്കുന്നു.

വ്യാഴാഴ്ച വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ടി.വി.കെ. എം.എൽ.എമാരെ ബുധനാഴ്ച മാമല്ലപുരത്തെ ഒരു സ്വകാര്യ ലക്ഷ്വറി റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ, റിസോർട്ടിന് ചുറ്റും കനത്ത പൊലീസ് സാന്നിധ്യമുണ്ട്.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകളാണ് വിജയിയുടെ ടി.വി.കെ. നേടിയത്. കേവല ഭൂരിപക്ഷത്തിന് 10 എം.എൽ.മാരുടെ കുറവാണ് വിജയുടെ പാർട്ടിക്കുള്ളത്. 5 എം.എൽ.എമാരുള്ള കോൺഗ്രസിൻ്റെ പിന്തുണ ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽനിന്ന് വിജയിച്ച വിജയ് തിരുച്ചിയിലെ എം.എൽ.എ. സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. 108 സീറ്റുള്ള ടി.വി.കെ.യുടെ അംഗബലം അതോടെ 107 ആയി ചുരുങ്ങും.

COMMENT

Recent Articles

Related Articles

Special