മമത കട്ടക്കലിപ്പിൽ; രാജിയില്ല, ബംഗാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് പ്രഖ്യാപനം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രി പദം രാജിവെയ്ക്കില്ലെന്ന ഉറച്ച നിലപാടുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ജനവിധി കൊള്ളയടിക്കപ്പെട്ടുവെന്നും തൻ്റെ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് മമതയുടെ വാദം.

താൻ തോറ്റിട്ടില്ലാത്തതിനാൽ രാജ്ഭവനിലേക്ക് പോകില്ലെന്നും രാജിക്കത്ത് നൽകില്ലെന്നും കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി. ഏതാണ്ട് നൂറോളം സീറ്റുകൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മോഷ്ടിച്ചതാണെന്നും മമത ആരോപിച്ചു.

കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ഒത്തുകളിച്ചാണ് ബി.ജെ.പിക്ക് വിജയം ഒരുക്കിയതെന്ന് മമത ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്പക്ഷമല്ലെന്നും ഏകകക്ഷി ഭരണം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തൻ്റെ യഥാർത്ഥ പോരാട്ടം ബി.ജെ.പിയോടല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോടായിരുന്നുവെന്നും മമത പറഞ്ഞു. മഹാരാഷ്ട്രയിലും ബിഹാറിലും ഹരിയാണയിലും ചെയ്തതുപോലെ ബംഗാളിലും ജനവിധി മോഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും അവർ ആവർത്തിച്ചു.

മമതയുടെ ഈ നിലപാട് വലിയൊരു രാഷ്ട്രീയ പോരിന് വഴി തുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഭരണഘടനയനുസരിച്ച്, നിയമസഭയുടെ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം മാത്രമേ ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ സാധിക്കൂ. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരികയും നിലവിലെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകുകയും ചെയ്താൽ, മുഖ്യമന്ത്രി സ്വമേധയാ രാജിവെച്ച് മന്ത്രിസഭ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യുക എന്നതാണ് ഭരണഘടനാപരമായ കീഴ്‌വഴക്കം.

മുഖ്യമന്ത്രി സ്വമേധയാ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ഗവർണർക്ക് കർശനമായ നടപടികൾ സ്വീകരിക്കാൻ ഭരണഘടന അധികാരം നൽകുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 164(1) പ്രകാരം, ഗവർണറുടെ പ്രീതി ഉള്ളിടത്തോളം കാലം മാത്രമാണ് മന്ത്രിമാർക്ക് പദവിയിൽ തുടരാനാകുന്നത്. ഒരു മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാൽ ഗവർണർക്ക് ആ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാൻ അധികാരമുണ്ട്. ഇതിനുശേഷം ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കുകയോ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.

COMMENT

Recent Articles

Related Articles

Special