2023ൽ ജയിച്ച കോൺഗ്രസ് സ്ഥാനാർഥി 3 വർഷത്തിനു ശേഷം തപാൽ വോട്ടെണ്ണിയപ്പോൾ തോറ്റു

Follow the FOURTH PILLAR LIVE channel on WhatsApp 

ബംഗളൂരു: തിരഞ്ഞെടുപ്പ് നടന്ന് 3 വർഷത്തിനുശേഷം തപാൽവോട്ടുകൾ വീണ്ടും എണ്ണിയ കർണാടകത്തിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥി ഡി.എൻ.ജീവരാജിനെ വിജയിയായി പ്രഖ്യാപിച്ചു. 2023ലെ തിരഞ്ഞെടുപ്പിൽ 201 വോട്ടിന് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ടി.ഡി. രാജേഗൗഡയ്ക്ക് ലഭിച്ച 255 തപാൽവോട്ടുകൾ അസാധുവാണെന്ന് രണ്ടാമത് വോട്ടെണ്ണിയപ്പോൾ കണ്ടെത്തുകയായിരുന്നു. ജീവരാജിന് ലഭിച്ച വോട്ടുകളിൽ 2 വോട്ടുകളും അസാധുവായി. ഇതോടെ, ജീവരാജ് 52 വോട്ടുകൾക്ക് വിജയിച്ചു.

ജീവരാജിന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവിന്റെയടിസ്ഥാനത്തിലാണ് തപാൽ വോട്ടുകൾ വീണ്ടും എണ്ണിയത്. കഴിഞ്ഞദിവസം തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഓഫീസർ ഗൗരവ് കുമാർ ഷെട്ടി സർട്ടിഫിക്കറ്റും കൈമാറി.

കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ധാർവാഡ് എം.എൽ.എ. വിനയ് കുൽക്കർണി അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ തപാൽവോട്ട് വീണ്ടും എണ്ണിയപ്പോൾ ശൃംഗേരി കൂടി നഷ്ടമായത് കോൺഗ്രസിന് തിരിച്ചടിയാണ്. ഇതേസമയം, ഉപതിരഞ്ഞെടുപ്പ് നടന്ന ബാഗൽക്കോട്ടും ദാവണഗരെ സൗത്തിലും സിറ്റിങ്‌ സീറ്റുകൾ നിലനിർത്തിയത് പാർട്ടിക്ക് ആശ്വാസമാണ്. ഇതോടെ, 224 അംഗ നിയമസഭയിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗബലം 136 ആയി.

COMMENT

Recent Articles

Related Articles

Special