പിണറായി രാജിവെച്ചു, ഗവർണർ സ്വീകരിച്ചു; ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭായോഗം ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാജി.

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പിക്ക് 3 സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. 3 മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽ.ഡി.എഫ്. ആണ്. ഇവിടെയെല്ലാം യു.ഡി.എഫ്. മൂന്നാം സ്ഥാനത്തായി. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

ആഗോളവത്കരണ നയങ്ങൾ അതേപടി നടപ്പാക്കി തകർന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാനമായി മാറ്റാൻ എൽ.ഡി.എഫ്. സർക്കാരിന് കഴിഞ്ഞു. പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാൻ കഴിഞ്ഞു. കേരളത്തിന്റെ സമസ്ത മേഖലയിലും വലിയ പുരോഗതി നേടാനായി. കാർഷിക-വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടരംഗം, ശുചിത്വം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിനാകമാനം മാതൃകയായി.

രാജ്യത്താകമാനം ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി മതസൗഹാർദത്തിന്റെ നാടായി കേരളത്തെ മാറ്റാൻ എൽ.ഡി.എഫ്. സർക്കാരിന് കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ കേരളം വളർന്നു. മതരാഷ്ട്ര രൂപവത്കരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരായുള്ള പോരാട്ടത്തിലും ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും അത്തരം സമരങ്ങൾ തുടർന്നു.

കേരളത്തെ ഇത്തരത്തിൽ മുന്നോട്ട് നയിക്കുകയും രാജ്യത്തെ ജനകീയ പോരാട്ടങ്ങൾക്ക് കരുത്ത് പകരുകയും ചെയ്ത എൽ.ഡി.എഫ്. സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്. ഉയർന്നുവരുന്ന വിമർശനങ്ങളേയും, പോരായ്മകളേയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

COMMENT

Recent Articles

Related Articles

Special