യു.ഡി.എഫ്. സുനാമിയിൽ തോറ്റമ്പിയത് 13 എൽ.ഡി.എഫ്. മന്ത്രിമാർ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം; കേരളത്തിൽ ആഞ്ഞടിച്ച യു.ഡി.എഫ്. സുനാമിയിൽ ഇടതു മന്ത്രിസഭയിലെ 13 പേർ കാലിടറി വീണു. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, പി.എ.മുഹമ്മദ് റിയാസ് എന്നിവർ മാത്രമാണ് സി.പി.എമ്മിൽ നിന്നു ജയിച്ച മന്ത്രിമാർ. സി.പി.ഐ. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ എന്നിവരും ജയിച്ചു. ബാക്കി എല്ലാ മന്ത്രിമാരും തോറ്റുതുന്നംപാടി.

നേമം മണ്ഡലത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരിട്ട പരാജയമാണ് ഏറ്റവും ചർച്ചാവിഷയം. കാരണം അവിടെ ജയിച്ചത് ബി.ജെ.പി.യുടെ രാജീവ് ചന്ദ്രശേഖറാണ്. 4978 വോട്ടിനാണ് ഇവിടെ ശിവൻകുട്ടി പരാജയപ്പെട്ടത്. മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിൽ തോറ്റു. യു.ഡി.എഫിന്റെ എം.എം. നസീറിനോട് 7486 വോട്ടിനാണ് പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുപോലും വിവാദങ്ങളിൽ നിറഞ്ഞുനിന്ന മണ്ഡലമാണ് പത്തനാപുരം. ഗതാഗതവകുപ്പുമന്ത്രി ഗണേഷ് കുമാർ യു.ഡി.എഫിന്റെ ജ്യോതികുമാർ ചാമക്കാലയോട് 8310 വോട്ടിനാണ് പരാജയപ്പെട്ടത്. ആരോഗ്യവകുപ്പിനെ നയിച്ച മന്ത്രി വീണാ ജോർജും തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി. ആറന്മുളയിൽ യു.ഡി.എഫിന്റെ അബിൻ വർക്കിയോട് 18,985 വോട്ടിനാണ് മന്ത്രി പരാജയപ്പെട്ടത്.

ഏറ്റുമാനൂർ മണ്ഡലത്തിൽ ദേവസ്വം മന്ത്രിയായ വി.എൻ. വാസവൻ യു.ഡി.എഫിന്റെ നാട്ടകം സുരേഷിനോട് 19,752 വോട്ടിനാണ് പരാജയപ്പെട്ടത്. ഇടുക്കി മണ്ഡലത്തിൽനിന്ന് മത്സരിച്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പരാജയം ഏറ്റുവാങ്ങി. യു.ഡി.എഫിന്റെ റോയ് കെ.പൗലോസാണ് 23,822 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇവിടെ വിജയിച്ചത്.

എറണാകുളം കളമശ്ശേരി മണ്ഡലത്തിൽ മത്സരിച്ച വ്യാവസായ, നിയമ വകുപ്പുമന്ത്രി പി.രാജീവും പരാജയം ഏറ്റുവാങ്ങി. യു.ഡി.എഫിന്റെ വി.ഇ. അബ്ദുൽ ഗഫൂറിനോട് 16,312 വോട്ടിനാണ് രാജീവ് പരാജയപ്പെട്ടത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയായ ആർ.ബിന്ദു തൃശ്ശൂരിലെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നാണ് പരാജയം ഏറ്റുവാങ്ങിയത്. യു.ഡി.എഫിന്റെ തോമസ് ഉണ്ണിയാടനാണ് ഇവിടെ 10212 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷും പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പാണിത്. യു.ഡി.എഫിന്റെ വി.ടി. ബൽറാമിനോടാണ് മന്ത്രി 8385 വോട്ടിന് പരാജയപ്പെട്ടത്. വനം മന്ത്രിയായ എം.കെ.ശശീന്ദ്രൻ എലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് പരാജയം ഏറ്റുവാങ്ങിയത്. യു.ഡി.എഫിന്റെ വിദ്യാ ബാലകൃഷ്ണനാണ് ഇവിടെ 12162 വോട്ടിന് വിജയം വരിച്ചത്.

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ.കേളു മാനന്തവാടി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു. യു.ഡി.എഫിന്റെ ഉഷാ വിജയനാണ് മന്ത്രിയെ 10,543 വോട്ടിന് പരാജയപ്പെടുത്തിയത്.  തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മണ്ഡലത്തിൽ നിന്നാണ് പരാജയം ഏറ്റുവാങ്ങിയത്. യു.ഡി.എഫിന്റെ ടി.ഒ. മോഹനനാണ് കടന്നപ്പള്ളിയെ 18551 വോട്ടിന് പരാജയപ്പെടുത്തിയത്.

താനൂരിൽ നിന്ന് മണ്ഡലം മാറി തിരൂരിൽ മത്സരിക്കാനിറങ്ങിയ കായിക മന്ത്രി വി.അബ്ദുറഹിമാനും പരാജയം രുചിച്ചു. യു.ഡി.എഫിന്റെ കുറുക്കോളി മൊയ്തീൻ 24137 വോട്ടിനാണ് അദ്ദേഹത്തെ തോല്പിച്ചത്.

Recent Articles

Related Articles

Special