Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രംനാരായൺ ഭയ്യർ (31) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ. ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം.
അതേസമയം, രാം നാരായണൻ ബഗേലിന്റെ മൃതദേഹം വിമാനമാർഗം ജന്മനാടായ ഛത്തീസ്ഗഡിലേക്കു കൊണ്ടുപോയി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പുലർച്ചെ അഞ്ചിനു കുടുംബം ഏറ്റുവാങ്ങി. തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാണ് പൂർണമായും സർക്കാർ ചെലവിൽ ക്രമീകരണങ്ങൾ ഒരുക്കിയത്. ഇന്നലെ രാവിലെ 11.55ന് കൊച്ചിയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട സംഘം രാത്രിയോടെ റായ്പൂരിൽ എത്തി. ജോലിക്കായി എത്തിയ രാം നാരായണിനെ പ്രദേശത്തെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ സംഘം ചേർന്ന് തടഞ്ഞുവച്ച് ബംഗ്ലാദേശി എന്നാരോപിച്ച് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതേസമയം കേസിൽ രണ്ടു പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
രാം നാരായണനെ മർദിച്ചവരിൽ ചിലർ തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ട്. കോയമ്പത്തൂർ പൊലിസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം നടത്തുന്നുണ്ട്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലിസ് നിഗമനം. മർദന ദൃശ്യങ്ങൾ കൂടുതൽ പേർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നെങ്കിലും അതു ശേഖരിക്കാൻ പൊലിസിന് കഴിഞ്ഞില്ല. മർദിച്ചവരിൽ ചിലർ രണ്ട് ദിവസത്തിനുശേഷം നാടുവിട്ടു. ആദ്യ മണിക്കൂറുകളിൽ ഉണ്ടായ അനാസ്ഥമൂലം തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായാണ് വിലയിരുത്തൽ. പുതിയ അന്വേഷണ സംഘം സ്ഥലത്തെത്തി സാക്ഷിമൊഴി വീണ്ടും രേഖപ്പെടുത്തി. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിൽ പത്തംഗ പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി) മൂന്ന് ദിവസമായി കേസന്വേഷിക്കുന്നത് സമീപവാസികളുടെ ഫോണുകളിൽനിന്നുള്ള ഡിജിറ്റൽ തെളിവുകൾക്കുപുറമേ സാക്ഷിമൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. അത് പൂർണതോതിൽ വിശകലനം ചെയ്തു. അന്വേഷണം നിഷ്പക്ഷവും സമഗ്രവുമായ രീതിയിൽ പുരോഗമിക്കുകയാണെന്നും,പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിക്കെതിരായ അതിക്രമമെന്ന നിലയിൽ, പട്ടികജാതി പട്ടികവർഗ(അതിക്രമങ്ങൾ തടയൽ) നിയമം, 1989 പ്രകാരവും, ഭാരതീയ ന്യായ് സംഹിത സെക്ഷൻ 103(രണ്ട്) പ്രകാരവും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ജില്ലാകലക്ടർ അറിയിച്ചു
കൊലപാതകം നടന്നത് 17നാണ്. പൊലിസ് അന്വേഷണം തുടങ്ങിയ 18ന് പതിനഞ്ചോളം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ ഏറെപ്പേരെയും പിന്നീട് വിട്ടയച്ചു. ഇതിൽ രാംനാരായണെ മർദിച്ചവരും ഉൾപ്പെടുന്നതായി സൂചനയുണ്ട്. ഇവർ പിന്നീട് മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു. വിവരശേഖരണത്തിനായും ആളുകളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാറുണ്ട്. വാളയാർ പോലീസ് ഇങ്ങനെ വിളിപ്പിച്ചശേഷം അറസ്റ്റു ചെയ്യാതെ വിട്ടവരിൽ പ്രതികളുമുണ്ടാവാനിടയുണ്ടെന്നും ജില്ലാ പൊലിസ് സൂപ്രണ്ട് പറഞ്ഞു.
18നാണ് അഞ്ചു പ്രതികളെ അറസ്റ്റുചെയ്തത്. ഇതിൽ മൂന്നുപേർ സ്റ്റേഷനിൽ നേരിട്ട് ഹാജരായവരാണ്. രാംനാരായണനെ പിടികൂടി മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലിസ് പറയുന്നു. ഒന്നാം പ്രതി അനു രാംനാരായണിന്റെ പുറത്തും ഇടതുകൈയിലും വടികൊണ്ട് അടിച്ചു. രണ്ടാംപ്രതി പ്രസാദ് വടികൊണ്ട് അടിച്ചതിനുപുറമേ കൈകൊണ്ട് തലയിലും തല്ലി. മൂന്നാംപ്രതി മുരളി മുഖത്ത് അടിച്ചെന്നും നാലാം പ്രതി അനന്തൻ നിലത്തിട്ട് ചവിട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ചാംപ്രതി വിപിൻ കൈകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പൊലിസ് പറയുന്നത്.

























