പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. റെയിൽവേ പൊലീസാണ് കേസെടുത്തത്. റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ ദേഷ്യത്തിൽ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാൻ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി മാറിയില്ലെന്നും പ്രതി മൊഴി നൽകി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെൺകുട്ടികളെ മുൻപരിചയമില്ലെന്നും സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു.

പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. തിരിച്ചറിയൽ പരേഡും വൈദ്യപരിശോധനയും ഉടൻ നടക്കും. പ്രതിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പിടികൂടിയ ശേഷവും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം അതിക്രമത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി ഐസിയുവിൽ തുടരുകയാണ്. ആന്തരികരക്തസ്രാവമുള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. വർക്കല സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം മാറി അയന്തി മേൽപ്പാലത്തിനടുത്തുവെച്ച് ഇന്നലെ രാത്രി 8.40ന് ജനറൽ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

Recent Articles

Related Articles

Special