Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച ഭർതൃസഹോദരന് 30 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജി സി.ആർ.രാജശ്രീയാണ് ശിക്ഷ വിധിച്ചത്.
കരകുളം വേറ്റിക്കോണം ദർശൻ ലെയ്ൻ തലേക്കൽ കട്ടയ്ക്കാൽ റഹ്മത്ത് മൻസിലിൽ എച്ച്.മുഹമ്മദ് കബീറിനാണ് (39) ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നല്കണം. പിഴ ഒടുക്കാത്തപക്ഷം ഒന്നര വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
2021ൽ അരുവിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃഗൃഹത്തിൽ വെച്ചായിരുന്നു സംഭവം. സഹോദരൻ വീട്ടിൽ ഇല്ലാത്ത സമയം ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ്പ്പെടുത്തി മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

അതിജീവിത അമ്മയോടെ സംഭവം വെളിപ്പെടുത്തിയതിനെത്തുടർന്ന് പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അരുവിക്കര പൊലീസിനു കൈമാറുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കിഷോർ രാജ് ഹാജരായി.
പേരൂർക്കട എസ്.എച്ച.ഒ. അനൂപ് കൃഷ്ണ, അരുവിക്കര എസ്.എച്ച്.ഒ. ഡി.ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
 
 































