Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: കോൺഗ്രസ്- സിപിഐഎം സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസെടുത്ത് പൊലീസ്. പേരാമ്പ്ര കോൺഗ്രസ്- സിപിഐഎം സംഘർഷത്തിലാണ് കേസ്. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയുമാണ് കേസ്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആർ. സംഘർഷത്തിൽ സിപിഐഎം നേതാക്കളായ കെ സുനിൽ, കെ കെ രാജൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ പൊലീസുമായുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും സുഖം പ്രാപിച്ച് വരികയാണെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കയാണ് കോൺഗ്രസ്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് ആഹ്വാനം ചെയ്തത്. ഇന്ന് മുതൽ സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശലംഘനത്തിന് നോട്ടീസ് നൽകും. എംപിക്ക് സുരക്ഷ നൽകുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കോൺഗ്രസ് ആരോപിച്ചു.
























