Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ട അപേക്ഷയിൽ യാത്രാ അനുമതിക്കും സുരക്ഷയ്ക്കുമായി കരൂർ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാമെന്ന് മറുപടി നൽകി ഡിജിപി. യാത്രാ വിവരങ്ങൾ ലഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. കരൂർ സന്ദർശനത്തിന് അനുമതി തേടി തമിഴക വെട്രി കഴകം നേതൃത്വം ഡിജിപിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിലാണ് മറുപടി.
കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ വിജയ് ഇനി പൊതുജനങ്ങളെ അഭിസംബോധന ചെയ്യില്ലെന്ന് ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ ജി അനുരാജ് പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ വിജയ് തീരുമാനിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ അദ്ദേഹം അവിടേയ്ക്ക് തിരിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കഴിഞ്ഞ രണ്ട് ദിവസം വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതുവരെ 33 പേരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് നൽകിയാലും നഷ്ടത്തിന് പരിഹാരമാകില്ലെന്ന് വിജയ് കുടുംബാംഗങ്ങളോട് പറഞ്ഞു. ഉടൻ തന്നെ നേരിട്ട് കാണുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും അനുരാജ് പറഞ്ഞു.
അതിനിടെ കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്ക്കരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ടിവികെ സുപ്രീംകോടതിയെ സമീപിച്ചു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് ഹർജി സമർപ്പിച്ചത്. ഹർജി നാളെ പരിഗണിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ സുപ്രീംകോടതി ഇത് തള്ളി. വെള്ളിയാഴ്ച മറ്റ് ഹർജികളോടൊപ്പം ഇതും പരിഗണിക്കും.




























