Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല വായ്പയെ സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന നിലപാടിനെതിരെയാണ് കോടതി രംഗത്തെത്തിയത്. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു. വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചു.
























