Follow the FOURTH PILLAR LIVE channel on WhatsApp
ചാവക്കാട്: കടലിൽ ക്രമാതീതമായി ചെറുമത്തികൾ പെരുകുന്നു. മൺസൂൺ മഴയിലെ വ്യതിയാനമാണ് ഇതിനുകാരണമെന്നാണ് പഠനങ്ങൾ പറയുന്നത്. എട്ട് സെന്റിമീറ്റർപോലും വലുപ്പില്ലാത്ത ചെറുമത്തി പിടിക്കാൻ ചെറുതും വലുതുമായ നൂറുകണക്കിന് വള്ളങ്ങളാണ് നിയമം ലംഘിച്ച് ദിവസവും കടലിൽ ഇറങ്ങുന്നത്. ഈ വള്ളങ്ങൾ ഒരാഴ്ചയായി പിടിക്കുന്നത് ദിവസവും 500 കിലോ മുതൽ 5,000 കിലോ വരെ ചെറുമത്തിയാണ്. ജില്ലയിലെ വള്ളക്കാർക്കു പുറമേ, മലപ്പുറം, എറണാകുളം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽനിന്നുള്ള വള്ളക്കാരും മത്സരിച്ച് മീൻപിടിത്തം നടത്തുന്നുണ്ട്.
ഫിഷറീസ്, തീരദേശ പൊലീസ് മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവരുടെ സംയുക്തസംഘം അനധികൃത മീൻപിടിത്തക്കാരെ പിടികൂടാൻ കടലിൽ പട്രോളിങ് നടത്തുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നതിന്റെയും പിഴയീടാക്കുന്നതിന്റെയും എണ്ണം കുറവാണ്. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥസംഘം ജില്ലയുടെ വടക്കൻ മേഖലയായ ചാവക്കാട് മേഖലയിലേക്ക് എത്തുംമുൻപേ അനധികൃതമായി മീൻപിടിക്കുന്നവർക്ക് വിവരം ചോർത്തിക്കിട്ടുകയും രക്ഷപ്പെടുകയുമാണ്. കഴിഞ്ഞയാഴ്ച എറിയാട്ടുനിന്ന് ഒരു വള്ളത്തിൽനിന്ന് മാത്രം 2,000 കിലോ ചെറുമത്തി പിടികൂടിയിരുന്നു.























