അമേരിക്കൻ ​ഗവൺമെന്റ് ഷട്ട്ഡൗൺ ഭീഷണിയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഗവൺമെൻ്റ് ഷട്ട് ഡൗൺ ഭീഷണിയിൽ അമേരിക്ക. അമേരിക്കയിൽ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിൽ ധാരണയിലെത്താനാവാത്തതാണ് കാരണം. കോൺഗ്രസിലെ തിരക്കിട്ട ചർച്ചകൾ പരാജയപ്പെട്ടതോടെ, ഒരു അവസാന ശ്രമമെന്ന നിലയിൽ സെനറ്റിൽ അവതരിപ്പിച്ച താൽക്കാലിക ഫണ്ടിങ് ബില്ലും ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാത്തതിനാൽ പരാജയപ്പെട്ടു.

ഇതോടെ ഷട്ട്ഡൗൺ ഉണ്ടാകുമെന്ന് ഉറപ്പായി. ഒരു ഷട്ട്ഡൗൺ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്നെ നേരത്തെ സമ്മതിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ട്രംപ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തുകയും ഷട്ട്ഡൗൺ ഉണ്ടായാൽ മുൻഗണനാ പദ്ധതികൾ ഇല്ലാതാക്കുമെന്നും വൻതോതിൽ പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒരു ഷട്ട്ഡൗൺ കൊണ്ട് “ഒരുപാട് നല്ല കാര്യങ്ങൾ” സംഭവിക്കാമെന്നും ഈ പ്രതിസന്ധിയുടെ ഭാഗമായി ഡെമോക്രാറ്റുകൾ പിന്തുണയ്ക്കുന്ന പല ഫെഡറൽ പദ്ധതികളും ഇല്ലാതാക്കാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ‘നമുക്ക് ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ ഒഴിവാക്കാൻ കഴിയും, അവ ഡെമോക്രാറ്റുകളുടെ കാര്യങ്ങളായിരിക്കും. അവർ പഠിക്കുന്നില്ല. അതുകൊണ്ട് ഞങ്ങൾക്ക് മറ്റ് വഴികളില്ല. രാജ്യത്തിനുവേണ്ടി എനിക്കിത് ചെയ്യേണ്ടിവരും.’ ട്രംപ് പറഞ്ഞു.

Recent Articles

Related Articles

Special