Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: ഓപ്പറേഷൻ നുംഖോറിന്റ ഭാഗമായി ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുൽഖർ സൽമാന്റെ കാറുകൾ പിടിച്ചെടുത്തതിന് പുറമെ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അറിയിച്ച് സമൻസും നൽകി. ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കേരളത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിൽ നിന്നാണ് 11 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഓപ്പറേഷൻ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നതിനായി കസ്റ്റംസ് കമ്മീഷണർ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
മലയാള സിനിമ താരങ്ങൾക്ക് ഉൾപ്പെടെ നിരവധി ആളുകൾ ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജെൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിനുപുറമെയാണ് കോഴിക്കോട്, മലപ്പുറം, തിരുവനന്തുപുരം തുടങ്ങിയ ജില്ലകളിലും ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പരിശോധന നടക്കുന്നുണ്ട്.
ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയിൽ പെടുന്നതുമായ വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് ഇക്കാര്യത്തിൽ അന്വേഷണം ഊർജിതമാക്കി തുടങ്ങുന്നത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവർത്തകരും വ്യവസായികളും ഇത്തരത്തിൽ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
ഭൂട്ടാൻ ആർമിയും മറ്റും ഉപേക്ഷിച്ച വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഭൂട്ടാനിൽ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാർ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത ശേഷം ഉയർന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുകയായിരുന്നു. ഇത്തരത്തിൽ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങൾ 200 എണ്ണം കേരളത്തിൽ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വാഹനങ്ങൾ എല്ലാം കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകൾ പിടിച്ചെടുക്കുമെന്നാണ് സൂചന.
























