Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പുതിയ മാസ്റ്റർ പ്ലാനുമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ. ഇന്ന് പ്രതിപക്ഷ നേതാവിന്റെ എതിർപ്പുകൾ അവഗണിച്ച് സഭയിലെത്തിയ രാഹുൽ നാളെ പാലക്കാട്ടേക്ക് തിരിക്കും എന്നും വിവരം. നാളെ മുതൽ രാഹുൽ സഭയിലേക്കെത്തിയേക്കില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമായി കൂടിക്കാഴ്ചയ്ക്ക് രാഹുൽ ശ്രമിച്ചെങ്കുലും അവർ അനുമതി നിഷേധിച്ചു. അതേസമയം രാഹുൽ അടുത്ത ദിവസങ്ങളിൽ നിയമസഭയിൽ എത്തിയേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് പോകുമെന്നാണ് സൂചന. സഭയിൽ കയറാത്തയാൾ മണ്ഡലത്തിൽ വന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ന് സഭയിലെത്തിയ രാഹുലിന് പ്രതിപക്ഷ നിരയിൽ വന്ന കുറിപ്പും ചർച്ചയാകുന്നുണ്ട്. രാഹുലിന് ഒരു കുറിപ്പ് കിട്ടുകയും അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുൽ സഭയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
അതേസമയം കെപിസിസി നേതൃയോഗത്തിൽ നിന്ന് വൈസ് പ്രസിഡന്റ് ഷാഫി പറമ്പിൽ വിട്ട് നിൽക്കുമെന്നാണ് വിവരം. മുൻ കെപിസിസി നേതാക്കളടക്കം പങ്കെടുക്കുന്ന ഭാരവാഹി യോഗത്തിൽ നിന്നാണ് ഷാഫി വിട്ടുനിൽക്കുന്നത്. അതേ സമയം ഷാഫി തൃശൂരിലെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ്, എസ്‌ഐആർ സംസ്ഥാനത്ത് നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ച സാഹചര്യം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ, വി ഡി സതീശനെതിരായ സൈബർ ആക്രമണം, വയനാട് ഡിസിസിയിലെ പ്രശ്‌നം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ നിന്നാണ് ഷാഫി വിട്ടുനിൽക്കുന്നത്. ഷാഫി രാഹുലിന് സംരക്ഷണം നൽകുന്നുവെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ തീരുമാനം.
രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് ഇന്ന് രാഹുൽ സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.


























