29 C
Trivandrum
Sunday, January 25, 2026

നേപ്പാൾ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് : പ്രധാനമന്ത്രിക്ക് പിന്നാലെ രാജി വച്ച് പ്രസിഡന്റും

Follow the FOURTH PILLAR LIVE channel on WhatsApp 

കാഠ്മണ്ഡു: നേപ്പാളിൽ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി കെപി ശർമ ഒലി രാജി വച്ചതിന് പിന്നാലെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. ഇതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന് ഇതുവരെയും അയവ് വന്നിട്ടില്ല. ഒലിയുടെ രാജിയ്ക്ക് പിന്നാലെ വിജയ പരേഡുമായി പ്രക്ഷോഭകർ ഒത്തുകൂടി. നേപ്പാൾ പാർലമെന്റും സുപ്രീം കോടതിയും പ്രസിഡൻഷ്യൽ പാലസും പ്രക്ഷോഭകർ തകർത്തു. പ്രതിഷേധങ്ങളിൽ 22 പേരാണ് ഇതുവരെ മരിച്ചത്.

സമൂഹ മാധ്യമ നിരോധനത്തിൽ ആളിപ്പടർന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം കടുത്തതോടെയാണ് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി കെപി ശർമ ഒലി രാജി വെച്ചത്. പ്രക്ഷോഭകാരികൾക്കൊപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. രാജിവെച്ച ശർമ ഒലി സൈനിക ഹെലികോപ്റ്ററിൽ കാഠ്മണ്ഡു വിട്ടെന്നാണ് വിവരം. എന്നാൽ എവിടേക്കാണ് പോയതെന്നതിൽ വ്യക്തതയില്ല. പാർലമെന്റ് മന്ദിരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സൈന്യം ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ ഇടക്കാല സർക്കാരിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ പ്രചരണം നടത്തുന്നുണ്ട്. അക്രമം തുടരുന്നതിനാൽ തലസ്ഥാനമായ കാഠ്മണ്ഡു ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ തുടരുകയാണ്. വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലച്ചു. എയർ ഇന്ത്യയും ഇൻഡിഗോയും കാഠ്മണ്ഡുവിലേക്കുളള വിമാനസർവീസ് നിർത്തിവെച്ചിരിക്കുകയാണ്. അതിനിടെ നേപ്പാളിലുളള ഇന്ത്യക്കാർക്ക് ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേപ്പാളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks