Follow the FOURTH PILLAR LIVE channel on WhatsApp
വയനാട്: ടി.സിദ്ധിക്ക് എംഎൽഎ കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന ആരോപണവുമായി സിപിഎം. കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിലും വോട്ടുചെയ്തെന്നാണ് ആരോപണം. 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ൽ വോട്ടർ പട്ടികയിലും ഉണ്ട്.
ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും പ്രവർത്തിക്കുന്നതും കള്ളവോട്ട് ചേർക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്നും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെ. റഫീഖ് പറഞ്ഞു.
പെരുമണ്ണ പഞ്ചായത്തിലെ പന്നിയൂർകുളത്തുനിന്നും കൽപ്പറ്റ നഗരസഭയിലെ ഓണിവയലിലേക്ക് തന്റെ വോട്ട് മാറ്റിയതാണെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു. കൽപ്പറ്റയിൽ വോട്ട് ചേർക്കപ്പെട്ടെങ്കിലും പെരുമണ്ണയിൽനിന്ന് വോട്ട് ഒഴിവാക്കപ്പെട്ടിട്ടില്ല. ഈ അപാകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വോട്ട് പെരുമണ്ണയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
























