Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകൾ തേടി അന്വേഷണസംഘം അടുത്തദിവസം ബെംഗളൂരുവിലേക്ക്. ഗർഭഛിദ്ര ആരോപണത്തിലെ തെളിവുകൾ തേടിയാണ് ബെംഗളൂരുവിലേക്ക് പോകുന്നത്. ആരോപണമുന്നയിച്ച യുവതി നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തി വിവരങ്ങൾ ശേഖരിക്കും.
ആശുപത്രിയിൽനിന്ന് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ രേഖകളുടെ അടിസ്ഥാനത്തിൽത്തന്നെ യുവതിയിൽനിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് തീരുമാനം. യുവതി പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യപ്പെട്ടാൽ പുതിയ കേസ് രജിസ്റ്റർചെയ്യുകയോ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുകയോ ചെയ്തേക്കും. നിലവിൽ കേട്ടറിവിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർ നൽകിയ എട്ടു പരാതികളിന്മേലാണ് രാഹുലിന്റെപേരിൽ കേസ് രജിസ്റ്റർചെയ്തത്.
രാഹുലിന്റെ പേര് പറയാതെ, തെളിവുകളൊന്നുമില്ലാതെ ആരോപണവുമായി രംഗത്തുവന്ന നടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും പോലീസിനുമുന്നിലുണ്ട്. ഇത്തരം ആരോപണങ്ങൾക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ പരാതികളും ഉൾപ്പെടുത്തിയാണ് കേസെടുക്കുന്നതിനായി പോലീസ് മേധാവി ക്രൈംബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകിയത്.
























