Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതി 45 ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തദ്ദേശതലത്തിൽ ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളുണ്ട്. ഇവയിൽ 273 പഞ്ചായത്തുകൾ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. അതിൽത്തന്നെ മുപ്പതോളം പഞ്ചായത്തുകളിൽ തീവ്രമായ വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഏതുവിധേനയും പരിഹരിച്ചേ മതിയാകൂ എന്ന ചിന്തയിൽ നിന്നാണ് 45 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് രൂപം നൽകിയത്.
പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഓരോ ഘട്ടത്തിനും 15 ദിവസം വീതമാണ് കാലാവധി. ഒന്നാം ഘട്ടത്തിൽ കേരളത്തിന്റെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും വനംവകുപ്പിന്റെ ഹെൽപ്-ഡെസ്‌കുകൾ ആരംഭിക്കും. അവിടെ വകുപ്പ് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ഈ വിഷയത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ കണ്ടെത്തും. പ്രാദേശിക പ്രതിവിധികൾ ആവശ്യമുള്ള പ്രശ്‌നങ്ങൾക്ക് അവിടെതന്നെ ഉടനടി പരിഹാരമുണ്ടാകും. ജില്ലാതലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളാണ് രണ്ടാം ഘട്ടത്തിൽ പരിശോധിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടു കൂടിയാകും ഇത് നടത്തുക. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ഇതിൽ പങ്കാളികളാവും. മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനതലത്തിൽ തീർപ്പുകൽപ്പിക്കേണ്ട കൂടുതൽ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിശോധിക്കുക.


























