Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: വിവാദങ്ങൾക്കിടെ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുൽ എം പഞ്ചോളിയും ഇന്ന് സ്ഥാനമേൽക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയം ശുപാർശ കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്.
തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ജസ്റ്റിസ് അലോക് ആരാധെയെയും ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളിജീയത്തിലെ തർക്കത്തിനിടെയാണ് നിയമനം നടത്താൻ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അലോക് ആരാധെ. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിപുൽ എം പഞ്ചോളി. നിയമന പ്രക്രിയയിൽ കൊളീജിയത്തിനുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ജസ്റ്റിസ് ബി വി നാഗരത്നയാണ് കൊളിജിയത്തിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാർശയിലാണ് ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് അറിയിച്ചത്. സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി































