തീരുവ പ്രതിസന്ധി; താല്കാലികമെന്ന് ഇന്ത്യ; പുതിയ വഴികൾ തേടും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: യുഎസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും യു എസും ആശയ വനിനമയ മാർ​ഗങ്ങൾ തുറന്നിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ.. ഇപ്പോഴത്തെ പ്രതിസന്ധി താൽക്കാലികമെന്നും ഇന്ത്യ. ബ്രിട്ടൻ, ഓസ്‌ട്രേലിയ, യുഎഇ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി ഇന്ത്യക്ക് വ്യാപാര ഉടമ്പടിയുണ്ട്. ഇന്ത്യൻ കയറ്റുമതിക്കാർക്ക്, പ്രത്യേകിച്ച് വസ്ത്രമേഖലയിലുള്ളവർക്ക് കൂടുതൽ അവസരം നൽകാമെന്ന് ഈ രാജ്യങ്ങൾ അറിയിച്ചതായി സർക്കാർകേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘റോയിറ്റേഴ്‌സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

തീരുവ ഉയർത്തൽ കയറ്റുമതിക്ക് ഉടൻ വലിയ ആഘാതമുണ്ടാക്കില്ലെങ്കിലും ഭാവിയിൽ പ്രതിസന്ധിയുണ്ടായേക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിൽ പറയുന്നത്. മറ്റുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെക്കുറിച്ച് ആലോചിക്കാൻ തീരുവ ബാധിക്കുന്ന മേഖലയിലെ കയറ്റുമതിക്കാരുമായി രണ്ടുമൂന്നുദിവസത്തിനകം വാണിജ്യമന്ത്രാലയം ചർച്ചനടത്തും. 2025-26ലെ ബജറ്റിൽ പ്രഖ്യാപിച്ച ‘കയറ്റുമതി പ്രോത്സാഹനദൗത്യം’ രൂപവത്കരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

ഇന്ത്യൻ കയറ്റുമതി പല രാജ്യങ്ങളിലേക്കായതിനാൽ യുഎസിന്റെ ഉയർന്നതീരുവ കയറ്റുമതിക്കാരെ ബാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഈ സാമ്പത്തികവർഷത്തിന്റെ ആദ്യ നാലുമാസങ്ങളിൽ യുഎസിലേക്കുള്ള കയറ്റുമതിയിൽ മുൻവർഷത്തേക്കാൾ 21.64 ശതമാനം വർധനയുണ്ടായി. ഈ പ്രവണത തുടർന്നാൽ, കഴിഞ്ഞവർഷത്തെ അത്രയും തുകയുടെ കയറ്റുമതി ഇത്തവണയും നടക്കുമെന്നാണ് പ്രതീക്ഷ.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special