രാഹുൽ അവധിയിലേക്കോ? നിയമസഭയിൽ ‘നിശ്ശബ്ദൻ’

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥിമാകാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതോടെ നിയമസഭയിൽ കോൺഗ്രസ് നിരയ്‌ക്കൊപ്പം ഇരിപ്പിടമുണ്ടാകില്ല. നിയമസഭയ്ക്ക് ശേഷിക്കുന്ന എട്ടുമാസത്തിനുള്ളിൽ ചേരാൻസാധ്യയുള്ളത് രണ്ടു സമ്മേളനങ്ങൾ. പരമാവധി 25-30 ദിവസങ്ങൾ. കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതോടെ ഫലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ‘നിശ്ശബ്ദൻ’ ആകും. ഇനി പ്രത്യേക ബ്ലോക്ക് ആയി സഭയിൽ ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. അല്ലെങ്കിൽ പേരിനുവന്ന് ഒപ്പിട്ട് മടങ്ങാം. നിയമസഭാകക്ഷിയോഗത്തിന് ക്ഷണിക്കില്ല. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളെ തുടർന്ന് ആറുമാസത്തേക്കാണ് പാർട്ടിയിൽനിന്ന് രാഹുലിനെ പുറത്താക്കിയത്. ആരോപണങ്ങൾ വ്യാജമാണെന്നോ, ഗൂഢാലോചനയുടെ ഫലമാണെന്നോ രാഹുലിന് തെളിയിക്കാനായാലേ രാഷ്ട്രീയമായി അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് സാധ്യതയുള്ളൂ.

പാർട്ടിയിൽനിന്ന് സസ്‌പെൻഷനോ, പുറത്താക്കലോ നേരിട്ടാലും മറ്റംഗങ്ങൾക്കെന്നപോലെത്തന്നെ എല്ലാ അവകാശങ്ങളും സാങ്കേതികമായി ഒരു എംഎൽഎക്കുണ്ടാകും. എന്നാൽ, നിയമസഭയിൽ ചർച്ചകളിൽ പ്രസംഗിക്കാൻ ഓരോ പാർട്ടിക്കും അംഗബലമനുസരിച്ച് ആനുപാതികമായാണ് സമയം അനുവദിക്കുക. പാർട്ടിയാണ് സമയം വിഭജിച്ച് നൽകുക. ഒറ്റയംഗങ്ങൾക്കുള്ള പരിഗണനയിൽ രാഹുൽ ഏതെങ്കിലും ചർച്ചയിൽ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചാലും അത് സ്പീക്കറുടെ വിവേചനാധികാരമാണ്.

പൊതുകാര്യങ്ങൾ ഉന്നയിക്കാൻ സബ്മിഷൻ അവതരിപ്പിക്കാൻ നോട്ടീസ് നൽകിയാലും അനുവദിക്കുന്നത് സ്പീക്കറാണ്. എന്നാൽ, ചോദ്യംചോദിച്ച് രേഖാമൂലമുള്ള മറുപടി വാങ്ങുന്നതിന് തടസ്സമുണ്ടാകില്ല.

പാർട്ടി അച്ചടക്കലംഘനത്തിന് സിപിഎമ്മിൽനിന്നും കോൺഗ്രസിൽനിന്നും ഒട്ടേറെപ്പേർ എംഎൽഎമാരായിരിക്കെ പാർട്ടിയിൽനിന്ന് സസ്‌പെൻഷൻ നേരിട്ടിട്ടുണ്ട്. അതൊന്നും ധാർമികതലത്തിൽ ചോദ്യംചെയ്യപ്പെടുന്നതായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലും എംഎൽഎ എന്നനിലയ്ക്ക് രാഹുലിന് പ്രവർത്തിക്കുന്നത് ദുഷ്‌കരമാകും. സിപിഎമ്മും ബിജെപിയും പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭപാതയിലാണ്. പാർട്ടിയുടെ സംരക്ഷണംകൂടി ഇല്ലാതാകുമ്പോൾ പ്രതിരോധിക്കുക അസാധ്യമാകും.

Recent Articles

Related Articles

Special