Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ മുൻ ഡിജിപി നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ മടക്കി. ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് തിരിച്ചയച്ചത്. റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന്റെ അസാധാരണ നടപടി.
സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. അജിത് കുമാറിനെതിരായ പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിന്മേലുള്ള ശിപാർശ എന്നിവയാണ് തിരിച്ചയച്ചത്. രണ്ടും റിപ്പോർട്ടും അജിത് കുമാറിനെതിരായിരുന്നു.
തൃശൂർ പൂരം കലക്കലിൽ എംആർ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല, സ്ഥലത്തുണ്ടായിട്ടും, മന്ത്രി വിളിച്ചിട്ടും ഫോണെടുക്കുകയോ സ്ഥലതെത്തുകയോ ചെയ്തില്ല, കുറ്റകരമായ അനാസ്ഥ അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്തായിരുന്നു റിപ്പോർട്ട്.
പി വിജയനെതിരെ എംആർ അജിത് കുമാർ നൽകിയ തെറ്റായ മൊഴിയെക്കുറിച്ചായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി പി വിജയന് ബന്ധമുണ്ടെന്ന് അന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തനിക്ക് മൊഴി നൽകിയിട്ടുണ്ടെന്ന് അജിത് കുമാർ പറഞ്ഞിരുന്നു. അതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നൽകുകയും സുജിത് ദാസ് താൻ അങ്ങനെ ഒരു മൊഴി താൻ നൽകിയിട്ടില്ലെന്നും എംആർ അജിത് കുമാർ പറഞ്ഞ വ്യാജ മൊഴിയാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവത്തിലും അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായി, സർക്കാരിന് നടപടി സ്വീകരിക്കാം, എന്ത് നടപടിയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.























