Follow the FOURTH PILLAR LIVE channel on WhatsApp
അഹമ്മദാബാദ്: കുപ്രസിദ്ധമായ മുണ്ടുരിയൽ കേസിന് 29 വർഷങ്ങൾക്കുശേഷം സമാപനം.ഗുജറാത്ത് ബിജെപിയിൽ വാജ്‌പേയിയുടെ യോഗത്തിൽ പാർട്ടിക്കാർ ചേരിതിരിഞ്ഞ് തല്ലുകയും ഒരു മന്ത്രിയുടെ മുണ്ട് (ധോത്തി) ഉരിയുകയുംചെയ്ത സംഭവത്തിൽ അവസാനകേസും പിൻവലിക്കാൻ കഴിഞ്ഞദിവസം കോടതി അനുവദിച്ചു.
1996 മേയ് 20-നാണ് ശങ്കർസിങ് വഗേലയുടെയും കേശുഭായി പട്ടേലിന്റെയും അനുയായികൾ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ എ.ബി. വാജ്‌പേയിക്ക് സ്വീകരണം നൽകുന്ന ചടങ്ങിലാണ് സംഭവം. സംസ്ഥാനത്തെ ബിജെപി മന്ത്രിസഭാംഗവും വഗേല പക്ഷക്കാരനുമായ ആത്മാറാം പട്ടേലിന്റെ ധോത്തി എതിരാളികൾ വലിച്ചൂരി. ഇതുമായി ബന്ധപ്പെട്ടുള്ള അവസാനത്തെ കേസാണ് അഹമ്മദാബാദ് അഡിഷണൽ സെഷൻസ് കോടതി അവസാനിപ്പിച്ചത്. മുൻ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന എ.കെ. പട്ടേലാണ് പ്രതി. ഇരയായ ആത്മാറാം പട്ടേലും മറ്റൊരു പ്രതിയായ മംഗൾദാസും മരിച്ചു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾമൂലമുണ്ടായ കേസ് ഇനിയും തുടരുന്നതിൽ കാര്യമില്ലെന്ന് സർക്കാരിന്റെ അപേക്ഷ അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. ഇതേ സംഭവത്തിൽ പ്രവീൺ തൊഗാഡിയ ഉൾപ്പെടെയുള്ളവരുടെ പേരിലുള്ള കേസ് 2018-ൽ പിൻവലിച്ചിരുന്നു.
1995-ലാണ് കേശുഭായി പട്ടേലിന്റെ നേതൃത്വത്തിൽ ആദ്യ ബിജെപി മന്ത്രിസഭ അധികാരത്തിലെത്തിയത്. കേശുഭായിയും നരേന്ദ്രമോദിയും ഒരുഭാഗത്തും വഗേല മറുഭാഗത്തുമായാണ് ചേരിപ്പോര് ആരംഭിച്ചത്. ഒത്തുതീർപ്പായി കേശുഭായിക്കു പകരം സുരേഷ് മേത്തയെ മുഖ്യമന്ത്രിയാക്കുകയും മോദിയെ ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.





























