Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്ന് മുതൽ നിരത്തിലേക്ക്. എട്ട് വിഭാഗത്തിലായി 143 ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴം വൈകിട്ട് 5.30ന് ആനയറ സ്വിഫ്‌റ്റ് ആസ്ഥാനത്ത് നിർവഹിക്കും. എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകൾ ആണ് പുതുതായി എത്തുന്നത്.
കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സ്റ്റുഡന്റ് ട്രാവൽ കാർഡുകളുടെ വിതരണ ഉദ്ഘാടനവും നടക്കും. നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളും ഉയർന്ന നിലവാരവും സുരക്ഷാ സംവിധാനങ്ങളും പുതിയ ബസുകളിലുണ്ട് . തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക. സ്റ്റുഡൻസ് ട്രാവൽ കാർഡ് പ്രകാശനവും വിതരണോദ്ഘാടനവും പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. വിപുലീകരിച്ച കൊറിയർ മാനേജ്മെൻ്റ് സംവിധാനവുംഇ – സുതാര്യം ബാർകോഡ് അധിഷ്ഠിത സംവിധാനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.
ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചായിരിക്കും പുതിയ ലിങ്ക് സർവീസുകൾ. ദേശീയപതാകയുടെ കളർ തീമിൽ ഒരുക്കിയ ബോഡിയിൽ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസ്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരുനിറത്തിലുള്ള ലെതർ സീറ്റുകളാണ്. ഓരോ സീറ്റിലും ചാർജർ, ഹാൻഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. സ്ലീപ്പർ ബസിലെ ബെർത്തിൽ എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈൽ ഹോൾഡർ, പ്ലഗ് പോയിന്റ്, ബോട്ടിൽ ഹോൾഡർ, ലഗേജ് വയ്‌ക്കാനുള്ള സ്ഥലം, കർട്ടൻ എന്നിവയുണ്ട്. ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസിനും വ്യത്യസ്‌ത നിറമാണ്. എല്ലാബസിലും വൈഫൈ കണക്‌ഷൻ നൽകാവുന്ന ടിവിയും പുറത്തും അകത്തും കാമറകളുമുണ്ടാകും.























