യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്ക് ! പുടിൻ – സെലൻസ്കി കൂടിക്കാഴ്ച്ചയ്ക്ക് സാധ്യതയൊരുക്കി ട്രംപ്

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: യുക്രൈനിന്റെയും റഷ്യയുടെയും പ്രസിഡന്റുമാർ തമ്മിൽ ഉഭയകക്ഷി സമാധാന ചർച്ചയ്ക്ക് സാധ്യതയൊരുങ്ങിയെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിൻ -സെലൻസ്കി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരു പ്രസിഡന്റമാരും താനും ഒരുമിച്ച് കൂടിക്കാഴ്ച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുമായി നടക്കുന്ന കൂടിക്കാഴ്ചയിലായിരുന്നു നിർണായക തീരുമാനം.

കൂടിക്കാഴ്ചയ്ക്കിടെ ഞാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ ഫോണിൽ വിളിക്കുകയും മുൻകൂട്ടി തീരുമാനിക്കുന്ന ഒരു സ്ഥാലത്ത് വെച്ച് പുതിനും സെലെൻസ്‌കിയും ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തതായും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നിർണായകമായ നീക്കങ്ങൾ ഉണ്ടായതായി എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. മീറ്റിങ് നിർത്തിവെച്ച് ട്രംപ് പുതിനുമായി സംസാരിച്ചിരുന്നുവെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്തത്.

ഡൊണാൾഡ് ട്രംപ്, യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി, ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഫിൻലാൻഡ്, യൂറോപ്യൻ കമ്മീഷൻ, നാറ്റോ എന്നിവയുടെ നേതാക്കളുമായി നടത്തി കൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് പുതിനുമായി സംസാരിക്കാൻ സമയം എടുത്തതെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് ട്രംപ് ഈ കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കിയത്.

സമാധാനം സ്ഥാപിക്കുന്നതിന് ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറഞ്ഞാണ് സെലെൻസ്‌കി സംസാരിക്കാൻ തുടങ്ങിയത്. ഈ ശ്രമങ്ങൾക്കൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ സഹായം വേണെന്നും അദ്ദേഹം പറഞ്ഞു. പുതിനും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും നന്നായി ഭവിച്ചാൽ ഇന്നുതന്നെ യുദ്ധം അവസാനിക്കുമെന്നുമായിരുന്നു ട്രംപിന്റെ മറുപടി. യുക്രൈനെ പിന്തുണച്ച ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ, ഫിൻലാൻഡ്, യുകെ, ജർമനി തുടങ്ങിയ എല്ലാ രാജ്യങ്ങളോടും സെലെൻസ്‌കി നന്ദി അറിയിച്ചു.

നിലവിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം കൊണ്ടുവരാനും ഡൊണാൾഡ് ട്രംപിന് ശക്തിയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി ചർച്ചയ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാകൂ. പ്രസിഡന്റ് ട്രംപിന് ആ ശക്തിയുണ്ടെന്നായിരുന്നു വൊളോദിമിർ സെലെൻസ്‌കിയുടെ വാക്കുകൾ. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിന്റെ പ്രത്യേക പ്രതിനിധി കെയ്ത് കെല്ലോഗുമായും അദ്ദേഹം ചർച്ച നടത്തി.

മേഖലയിൽ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് യുക്രൈൻ പ്രതിജ്ഞാബദ്ധമാണെന്ന് സെലെൻസ്‌കി ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ട്രംപുമായും യൂറോപ്യൻ നേതാക്കളുമായും വാഷിങ്ടണിൽ നടക്കുന്ന കൂടിക്കാഴ്ച പ്രധാനചുവടുവെയ്പ്പാണ്. യുക്രൈനിലെ സമാധാനം എന്നാൽ യൂറോപ്പിന് മുഴുവനുമുള്ള സമാധാനമാണെന്നും ശക്തി ഉപയോഗിച്ച് മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് തള്ളിവിടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡൊണാൾഡ് ട്രംപും വൊളോദിമിർ സെലെൻസ്‌കിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. യൂറോപ്യൻനേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 15-ന് അലാസ്‌കയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി ട്രംപ് നടത്തിയ ചർച്ചയിൽ വെടിനിർത്തൽകാര്യത്തിൽ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ച.

COMMENT

Recent Articles

Related Articles

Special