സംസ്ഥാനത്ത് ഇന്നും മഴ തുടരും; പാലക്കാട് ജില്ലയ്ക്ക് അവധി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴ തുടരും. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണുളളത്. നാളെയും മിക്ക ജില്ലകളിലും ശക്തമായി മഴ ലഭിക്കും. ബുധനാഴ്ചയ്ക്ക് ശേഷം മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍.

മഴ തുടരുന്നതിനാല്‍ പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ല. മറ്റൊരു ജില്ലയിലും ഇന്ന് അവധി ഇല്ല.

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ മഴയുടെ അളവ് കുറയാനാണ് സാധ്യത. നാളെ കൂടി വടക്കന്‍ കേരളത്തില്‍ മഴ ഉണ്ടാകും. അതിന് ശേഷം മഴയുടെ അളവ് കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

വടക്കന്‍ കേരളത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനുള്ള സാധ്യത മഴയെ സ്വാധീനിക്കാം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വിശാനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

Recent Articles

Related Articles

Special