Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം : കോൺഗ്രസിലെ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്ക് അവസാനമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുനസംഘടന മതിയെന്ന് തീരുമാനം. തിരഞ്ഞെടുപ്പിനു 3 മാസം മാത്രം ബാക്കി നിൽക്കെ, ഡിസിസി പ്രസിഡന്റുമാരുടെ മാറ്റം പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നു വിലയിരുത്തിയാണു നേതൃതലത്തിൽ ധാരണ. എന്നാൽ, മേൽത്തട്ടിലെ അനൗപചാരിക ചർച്ചയും ആശയവിനിമയവും തുടരും. സർക്കാർവിരുദ്ധ വികാരം വഴിതിരിച്ചുവിടുന്ന ഒരു നടപടിയും വേണ്ടെന്നു കരുതിയാണു തീരുമാനം.പേരുകളുടെ കാര്യത്തിൽ ഐക്യത്തിലെത്താൻ കഴിയാത്തതിനാൽ തർക്കത്തിലേക്കു നീങ്ങാനും, തഴയപ്പെടുന്നവർ ചിലരെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ നിസ്സഹകരിക്കാനുമുള്ള സാധ്യതയും കണക്കിലെടുത്തു.
തദ്ദേശതിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും പ്രകടനം നേതൃത്വം വിലയിരുത്തും. ഇതിന് അനുസൃതമായി ഫലപ്രഖ്യാപനത്തിനു പിന്നാലെ അഴിച്ചുപണി വരും. നേതാക്കളെല്ലാം സഹകരിച്ചിരുന്നെങ്കിൽ പുനഃസംഘടന നേരത്തേ പൂർത്തിയാക്കാമായിരുന്നു എന്ന അഭിപ്രായം ശക്തമാണ്. ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതിലും നിയമിക്കുന്നതിലും ജില്ലകളിൽ സ്വാധീനമുള്ള നേതാക്കൾ സ്വന്തം താൽപര്യത്തിനായി വാദിച്ചതോടെയാണു ചർച്ചകൾ വഴിമുട്ടിയത്. ഡൽഹിയിൽ എംപിമാരുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയെങ്കിലും നീക്കുപോക്കുണ്ടായില്ല.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് 29, 30, 31 തീയതികളിൽ ഭവനസന്ദർശനവും ഫണ്ട് പിരിവും നടത്താൻ കെപിസിസി. വാർഡ് കമ്മിറ്റി കുറഞ്ഞത് 60,000 രൂപ പിരിക്കണം. 10% മാത്രം മണ്ഡലം കമ്മിറ്റിക്ക്. ഡിസിസിക്കും കെപിസിസിക്കും വിഹിതം നൽകേണ്ട. ഫണ്ട് പൂർണമായി മണ്ഡലം, വാർഡ് കമ്മിറ്റികൾക്കു തദ്ദേശ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഉപയോഗിക്കാം. പിരിക്കാനുള്ള കൂപ്പൺ, ലഘുലേഖ, പോസ്റ്റർ എന്നിവയെല്ലാം കെപിസിസിയുടെ ചെലവിൽ അച്ചടിച്ചു കൈമാറും. കോൺഗ്രസിന്റെ സമീപകാലചരിത്രത്തിൽ ആദ്യമായാണു പിരിവു മുകളിലേക്കു നൽകേണ്ടതില്ലെന്ന തീരുമാനം.























