Follow the FOURTH PILLAR LIVE channel on WhatsApp
വാഷിംഗ്ടൺ: മൂന്ന് വർഷമായി നീണ്ട് നിൽക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിസമാപ്തി ലക്ഷ്യംവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും തമ്മിൽ നടത്തുന്ന നിർണായക കൂടിക്കാഴ്ച ഇന്ന്. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യുദ്ധം അവസാനിക്കുന്ന കാര്യത്തിൽ സമവായമായിരുന്നില്ല. ഇതിന് തുടർച്ചയായാണ് ട്രപും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച.
വാഷിംഗ്ടൺ ഡിസിയിലാണ് ട്രംപും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ചയിൽ യൂറോപ്യൻ നേതാക്കളും പങ്കെടുക്കുന്നുണ്ട്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട്, യുകെ പ്രധാനമന്ത്രി സിർ കെയ്ർ സ്റ്റാർമെർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി, ജർമൻ ചാൻസലർ ഫ്രഡ്‌റിച്ച് മെർസ്, ഫിൻലാൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലയാൻ തുടങ്ങിയവർ ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസിലെ ചർച്ചയ്ക്കിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും സെലൻസ്‌കിയോട് കയർത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും യുക്രെയ്ൻ ഒറ്റപ്പെടാതിരിക്കാനുമാണ് യൂറോപ്യൻ നേതാക്കൾ സെലൻസ്‌കിയെ അനുഗമിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ മനസുവെയ്ക്കുന്നില്ലെന്ന് യൂറോപ്യൻ നേതാക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അലാസ്‌ക ഉച്ചകോടിക്ക് ശേഷമുള്ള റഷ്യൻ പ്രസിഡന്റ് പുടിന്റെ നിലപാട് സമയം കളയാനുള്ള മാർഗമാണെന്നും പുടിന്റേത് യുക്രെയ്ൻറെ കൂടുതൽ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്നും യൂറോപ്യൻ നേതാക്കൾ പറഞ്ഞിരുന്നു.
അമേരിക്കയും യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളും യുക്രെയ്‌ന് സുരക്ഷാ വാഗ്ദാനങ്ങൾ നൽകുന്നതിൽ പുടിൻ സമ്മതം അറിയിച്ചതായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്നലെ പറഞ്ഞിരുന്നു. ഇത് നിർണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കിഴക്കൻ യുക്രെയ്‌ന്റെ ഭൂപ്രദേശങ്ങൾ വിട്ടുനൽകിയാൽ സൈനിക നടപടി അവസാനിപ്പിക്കാം എന്ന പുടിന്റെ ഉപാധി യുക്രെയ്‌ന് തിരിച്ചടി നൽകുന്നതാണ്. ഇതിന് പുറമേ ഭൂമി കൈമാറ്റത്തിൽ ഉൾപ്പെടെ കരാറായ ശേഷം മാത്രം വെടിനിർത്തൽ എന്ന പുടിന്റെ നിലപാടും തിരിച്ചടിയാകും. അലാസ്‌ക ചർച്ചയിൽ പുടിൻ മുന്നോട്ടുവെച്ച ഉപാധികൾ ട്രംപ് ഇന്ന് സെലൻസ്‌കിക്ക് മുന്നിൽവെയ്ക്കും. എന്നാൽ യുക്രെയ്‌ന്റെ ഭാഗങ്ങൾ വിട്ടുനൽകികൊണ്ടുള്ള സമവായത്തിന് സാധ്യമല്ലെന്നായിരിക്കും സെലൻസ്കിയും യൂറോപ്യൻ സഖ്യകക്ഷികൾ അടക്കം നിലപാട് വ്യക്തമാക്കുക. ഇത് ചർച്ചയെ ഏത് രീതിയിലാകും മുന്നോട്ടുനയിക്കുക എന്നത് കാത്തിരുന്ന് വിലയിരുത്തണം.
അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ സാധ്യതയില്ലെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർണായ ഇടപെടലാണ് നടത്തുന്നത്. എന്നാൽ അത് ഫലപ്രദമാകുമെന്ന് കരുതുന്നില്ല. ഇവിടെ സമാധാനം സാധ്യമാകുമെന്ന് കരുതുന്നില്ല. യുദ്ധം തുടരും. ആളുകൾ മരിച്ചുവീണുകൊണ്ടിരിക്കുമെന്നും മാർക്ക് റൂബിയോ പറഞ്ഞിരുന്നു.



























