Follow the FOURTH PILLAR LIVE channel on WhatsApp
ബെംഗളൂരു: മുസ്‌ലിം പ്രധാനാധ്യാപകനെ നീക്കുന്നതിനായി വാട്ടർ ടാങ്കിൽ വിഷം കലക്കിയ സംഭവത്തിൽ ഒരാളെ കൂടി പ്രതി ചേർത്തു. തീവ്ര വലതുപക്ഷ സംഘടനയായ ശ്രീറാം സേനയിലെ അംഗത്തെയാണ് പ്രതിചേർത്തത്. കർണാടകയിലെ ബെലഗവി ജില്ലയിലെ സ്കൂളിൽ കഴിഞ്ഞ മാസം 14നാണ് സംഭവം നടന്നത് . സംഭവത്തിൽ ശ്രീറാം സേനയിലെ പ്രാദേശിക നേതാവടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ശ്രീറാം സേന നേതാവ് സാഗർ പട്ടീൽ, നാഗനഗൗഡ പട്ടീൽ, കൃഷ്ണ മദാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകനായ സുലെമാൻ ഗൊരിനായികിനെതിരെ സംശയം സൃഷ്ടിക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഹുലികട്ടിയിലെ സർക്കാർ എൽപി സ്‌കൂളിൽ 13 വർഷമായി ജോലി ചെയ്യുകയാണ് സുലെമാൻ. അദ്ദേഹത്തിന്റെ പേര് മോശമാക്കാനും സ്ഥലം മാറ്റാനുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കുന്നു.
സ്‌കൂളിലെ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം കുടിച്ച് 12 സ്‌കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കുട്ടികളുടെ സ്ഥിതി ഇപ്പോൾ സാധാരണനിലയിലായെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഇതിന് പിന്നിലെന്ന് മനസിലായി. പിന്നാലെ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ഹാനികരമായ പദാർത്ഥങ്ങൾ ഉൾപ്പെട്ട കുപ്പി ഒരാൾ നൽകിയതായി വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. അത് വാട്ടർ ടാങ്കിലിടാൻ അയാൾ പറഞ്ഞതായും വിദ്യാർത്ഥി വ്യക്തമാക്കി. വിശദമായ അന്വേഷണത്തിലാണ് കൃഷ്ണ മദാർ ആണ് വിഷം നൽകിയതെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ സമ്മർദത്തിന് പുറത്താണ് ഇയാൾ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
































