Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: പ്രൊഫ.എം.കെ.സാനുവിന് നാട് ഞായറാഴ്ച വിട ചൊല്ലും. വൈകീട്ട് 4 മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. രാവിലെ 9 മണിക്ക് കൊച്ചിയിലെ വീട്ടിലും 10 മണിക്ക് എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. രാവിലെ 10.30ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം.കെ.സാനുവിൻ്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തിൽ ജനിച്ച അദ്ദേഹം, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിൻ്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് സാനു സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. 4 വർഷത്തോളം സ്‌കൂൾ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവൺമെൻ്റ് കോളേജുകളിൽ അധ്യാപക വൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.
1983ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു. 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡൻ്റായി. കോൺഗ്രസ് നേതാവ് എ.എൽ.ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
ശനിയാഴ്ച വൈകീട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ എം.ക.സാനു ദിവസങ്ങൾക്ക് മുൻപ് വരെ പൊതു വേദികളിൽ സജീവമായിരുന്നു. വീഴ്ചയിൽ ഇടുപ്പെല്ലിന് പരിക്കേറ്റ അദ്ദേഹത്തെ ദിവസങ്ങൾക്ക് മുൻപാണ് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു.























