Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: പ്രശസ്ത എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ പ്രൊഫ.എം.കെ.സാനു അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരം 5:35ഓടെയാണ് അന്ത്യം. 97 വയസായിരുന്നു.
മഹാരാജാസിൻ്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു പ്രൊഫ.സാനു. ആയിരക്കണക്കിന് ശിഷ്യരുടെ പ്രിയപ്പെട്ട സാനു മാഷ് മരണം വരെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. സാഹിത്യ – സാംസ്‌കാരിക – രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയാണ് അദ്ദേഹം വിടവാങ്ങുന്നത്.
മഹാകവി വൈലോപ്പിള്ളിക്ക് ശേഷം പുരോഗമന സാഹിത്യ സംഘം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാഗമായും അദ്ദേഹം സജീവമായിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട സാനു മാഷ് പാർലമെൻ്ററി രാഷ്ട്രീയത്തിലും വെന്നിക്കൊടി നാട്ടി. 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് നേതാവ് എ.എൽ.ജേക്കബിനെ പരാജയപ്പെടുത്തി എം.എൽ.എ. ആയി.
അധ്യാപകൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങി സാനു മാഷിന് വിലാസങ്ങൾ പലതാണ്. എറണാകുളം മഹാരാജാസ് കോളേജിൽ ദീർഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. ഒട്ടേറെ പ്രഗൽഭർ സാനു മാഷിൻ്റെ ശിഷ്യന്മാരായുണ്ട്. സാഹിത്യ രംഗത്ത് സജീവമായിരുന്ന സാനു മാഷ് 40ഓളം പുസ്തകങ്ങൾ രചിച്ചു. 1985ലും 2002ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 2011ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും സാനു മാഷിനെ തേടിയെത്തി.
1928ൽ ആലപ്പുഴ തുമ്പോളിയിലാണ് ജനനം. നാലുവർഷത്തോളം സ്‌കൂൾ അധ്യാപകനായും പിന്നീടങ്ങോട്ട് വിവിധ കോളേജുകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.























