Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം ∙ തദ്ദേശ തെരഞ്ഞെടുപ്പിലെ കരടു പട്ടികയിൽ നിന്ന് 42,201 പേരെ ഒഴിവാക്കാൻ നടപടി തുടങ്ങി. നാലായിരത്തോളം പേരെയാണ് ഇതുവരെ പട്ടികയിൽ പുതുതായി ചേർത്തത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ 2.66 കോടി വോട്ടർമാരുടെ പട്ടിക പരിശോധിച്ച ശേഷമാണ് നടപടി. സ്ഥലം മാറി പോയവരും പരേതരും അടങ്ങുന്ന 1,171 പേരെയാണ് നീക്കംചെയ്യുക. സമയമായ 7 ദിവസം പൂർത്തിയാകുന്നതോടെ ഇവർ പുറത്താകും.
41,030 പേരെ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഓൺലൈനായി നൽകിയ പരാതികൾ പരിഗണിച്ചും നീക്കം ചെയ്യും. ഇത്തരം അപേക്ഷകളിൽ സ്ഥലത്തെ ഒരു വോട്ടർ കൂടി ഒപ്പിടണമെന്നും തുടർന്ന് ഇരുഭാഗത്തെയും കക്ഷികളുടെയും ഹിയറിങ് നടത്തണമെന്നുമാണു വ്യവസ്ഥ. പട്ടികയിൽനിന്നു പേരു നീക്കുന്ന വ്യക്തിക്ക് ഹിയറിങ് നോട്ടിസ് ലഭിച്ചെന്ന് ഉറപ്പാക്കാൻ നിലവിൽ സംവിധാനമൊന്നുമില്ലെന്നും പരാതിയുണ്ട്. പേരു നീക്കാൻ സ്വന്തമായി അപേക്ഷ നൽകിയത് 123 പേർ മാത്രമാണ്.
വാർഡ് വിഭജനം വഴി ഒരേ പഞ്ചായത്തിലോ നഗരസഭയിലോ വാർഡുകൾ മാറി ഉൾപ്പെട്ട 38,814 പേർ അതു തിരുത്തി സ്വന്തം വാർഡിൽ ഉൾപ്പെടുത്താൻ നൽകിയ അപേക്ഷകളിൽ 145 എണ്ണം മാത്രമാണ് അംഗീകരിച്ചത്. പട്ടികയിലെ പേരുകളിലെയും വിലാസത്തിലെയും തെറ്റുകൾ തിരുത്താൻ ലഭിച്ച 40,115 അപേക്ഷകളിൽ ഒന്നു പോലും ഇആർഒമാർ അംഗീകരിച്ചിട്ടില്ല.
അതേസമയം, നാലായിരത്തോളം പേരെയാണ് ഇതുവരെ പട്ടികയിൽ പുതുതായി ചേർത്തത്. ഇതിനായി ലഭിച്ച 7.65 ലക്ഷം അപേക്ഷകളിൽനിന്ന് നേരിട്ടു ഹിയറിങ് നടത്തിയാണു നടപടി. ഹിയറിങ് നോട്ടിസ് അയയ്ക്കുന്നതിലെ കാലതാമസവും അപേക്ഷകർ ഹാജരാകുന്നതിലെ ബുദ്ധിമുട്ടും കാരണം അപേക്ഷകൾ അംഗീകരിക്കാൻ വൈകുന്നതായി പരാതിയുണ്ട്.


























