29 C
Trivandrum
Friday, July 11, 2025

പ്രസ്താവന വളച്ചൊടിച്ചുവെന്ന് എം.വി.ഗോവിന്ദൻ; ആർ.എസ്.എസുമായി ഒരുകാലത്തും കൂട്ടുകെട്ടില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: നിലമ്പൂരില്‍ ജമാഅത്തെ ഇസ്‍ലാമിയെ വെള്ളപൂശി പിന്തുണ തേടുന്ന നിലപാടാണ് കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടുന്ന യു.ഡി.എഫ്. സ്വീകരിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി കൂട്ടുചേര്‍ന്നിരുന്നുവെന്ന തൻ്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അതിൻ്റെ പേരില്‍ നിലമ്പൂരില്‍ ഒരു വോട്ട് പോലും എല്‍.ഡി.എഫിനു നഷ്ടപ്പെടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ വര്‍ഗീതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പും വികസനവുമാണ് എൽ.ഡി.എഫ്. മുന്നോട്ടുവച്ചത്. ഇതിനു മറുപടി പറയാന്‍ കഴിയാതെ നിരായുധരായ സേനയുടെ അവസ്ഥയിലായിരുന്നു യു.ഡി.എഫ്. എന്നും ഗോവിന്ദന്‍ പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ പ്രത്യേക അജന്‍ഡ വച്ചാണ് അവിടെ പ്രവര്‍ത്തിച്ചത്. ലോകമാകെ ഇസ്‍ലാമിക രാഷ്ട്രം രൂപപ്പെടണമെന്ന ധാരണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‍ലാമിയെ ആദ്യമായി ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം തിരഞ്ഞെടുപ്പു മുന്നണിയുടെ ഭാഗമാക്കുന്നത് യു.ഡി.എഫാണ്. ഇതു ദൂരവ്യാപകമായ പ്രശ്‌നം ഉണ്ടാക്കും. ക്ഷേമപെന്‍ഷന്‍ നല്‍കുന്നത് കൈക്കൂലിയാണെന്ന ആരോപണം കോണ്‍ഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി കൂട്ടുകൂടിയെന്ന തൻ്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. 50 വര്‍ഷം മുന്‍പുള്ള ചരിത്രത്തെ ചരിത്രമായി കാണാതെ വിവാദമാക്കുകയാണ്. യു.ഡി.എഫിനും ജമാഅത്തെ ഇസ്‍ലാമിക്കും അനുകൂലമായ പ്രചാരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ ഉണ്ടായ രാഷ്ട്രീയമുന്നേറ്റത്തിൻ്റെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. അത് ജനസംഘത്തിൻ്റെ തുടര്‍ച്ചയായി വന്നതല്ല. അത്തരം വിവിധ ധാരകളിലാണ് ജനസംഘവും ഉള്‍പ്പെട്ടിരുന്നത്. അന്ന് ആർ.എസ്.എസ്. പ്രബലമായി അതില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അന്നത്തെ സാഹചര്യത്തെക്കുറിച്ച് പറഞ്ഞതിനെയാണ് വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിക്കുന്നത്. ആർ.എസ്.എസുമായി ഒരുകാലത്തും സി.പി.എമ്മിനു രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടായിരുന്നില്ല.

രാജ്ഭവന്‍ കാവിവല്‍ക്കരണത്തിൻ്റെ കേന്ദ്രമായി മാറുന്നത് ശരിയല്ല. അവിടെ ഹെഡ്ഗേവാറിൻ്റെയും ഗോൾവാൾക്കറിൻ്റെയും ചിത്രം കൂടി വന്നിരിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രവുമുണ്ട്. ഇനി എപ്പോഴാണ് അവിടെ ഗോഡ്‌സെയുടെ ചിത്രം വരുന്നതെന്ന് അറിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks