29 C
Trivandrum
Friday, July 11, 2025

വായ്പ എഴുതിത്തള്ളാൻ കേന്ദ്രത്തിന് അധികാരമുണ്ട്;വൈമനസ്യമുണ്ടെങ്കിൽ അത് പറയാനുള്ള ധൈര്യംവേണമെന്ന് ഹൈക്കോടതി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 13 ഭേദഗതിയിലൂടെ ഒഴിവാക്കിയതിനാല്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി.എം മനോജ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്.

വായ്പ എഴുതിത്തള്ളാന്‍ നിര്‍ദേശിക്കുന്നതില്‍ വൈമനസ്യമുണ്ടാകാം. അത് പറയാനുള്ള ധൈര്യമില്ലാത്തത് മനസ്സിലാകുന്നില്ല. നിയമത്തിലെ ചില വകുപ്പുകള്‍ ചൂണ്ടിക്കാട്ടി അധികാരമില്ലെന്നു പറയരുത്. അധികാരമുണ്ട്, എന്നാല്‍, നടപ്പാക്കുന്നില്ല എന്നെങ്കിലും പറയണം. ഇക്കാര്യത്തില്‍ അണ്ടര്‍ സെക്രട്ടറിയില്‍നിന്നുള്ള വിശദീകരണമല്ല വേണ്ടത് -കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്‌തെങ്കിലും ഭരണഘടന അനുച്ഛേദം 73 പ്രകാരം ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും ഇക്കാര്യത്തില്‍ നിലപാടറിയിക്കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

വായ്പ എഴുതിത്തള്ളുന്നതില്‍ വിശദീകരണം നല്‍കാന്‍ ഏപ്രില്‍ 10നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, ദുരന്തനിവാരണ നിയമത്തില്‍ കഴിഞ്ഞ മാര്‍ച്ച് 29ന് വരുത്തിയ ഭേദഗതിയിലൂടെ ഈ വകുപ്പുതന്നെ ഒഴിവാക്കിയതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരും ഇതേ നിലപാട് സ്വീകരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു.

ദേശീയപാതകളുടെ നിര്‍മാണത്തില്‍ വ്യക്തമായ ദുരന്തനിവാരണ പദ്ധതി വേണമെന്ന അമിക്കസ് ക്യൂറി അഡ്വ.രഞ്ജിത് തമ്പാൻ്റെ നിര്‍ദേശത്തില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks