Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: തീയണയ്ക്കാനുള്ള കോസ്റ്റ് ഗാർഡിൻ്റെ നിരന്തരശ്രമങ്ങൾ വിഫലമാക്കിക്കൊണ്ട് എം.വി. വാൻ ഹായ് കത്തിയമരുന്നു. ഒഴുകുന്ന കണ്ടെയ്‌നറുകൾ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് കോസ്റ്റ് ഗാർഡ് കപ്പലുകളായ സചേതിൻ്റെയും സമുദ്രപ്രഹരിയുടേയും രാപകൽ നീണ്ട തീയണയ്ക്കൽ ദൗത്യം. തീയാളിക്കത്തുന്നതാണ് രക്ഷാദൗത്യം കഠിനമാകുന്നത്. ഇതുതന്നെയാണ് പാരിസ്ഥിതികഭീഷണി ഉയർത്തുന്നതും.
വാൻഹായ് 503 കപ്പലിലുള്ള 700ഓളം കണ്ടെയ്നറുകളിൽ 157 എണ്ണത്തിൽ വെടിമരുന്നും രാസവസ്തുക്കളും ഉൾപ്പെടെ അപകടകരമായ വസ്തുക്കളുണ്ട്. ഇവ വലിയ സ്ഫോടനമുണ്ടാക്കുന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നല്കി. നൈട്രോ സെല്ലുലോസ്, റെസിൻ സൊല്യൂഷൻ, ലിഥിയം ബാറ്ററി എന്നിവ സ്ഫോടനമുണ്ടാക്കുന്നവയാണ്. ഇതുകൂടാതെയാണ് വാതകച്ചോർച്ച മൂലമുള്ള പ്രശ്നങ്ങൾ. ഇതിൽ പ്രധാനം സ്റ്റൈറിൻ ആണ്. റെഫ്രിജറേറ്റർ താപനിലയിലാണ് സ്റ്റൈറിൻ സൂക്ഷിക്കുക.
കോസ്റ്റ് ഗാർഡ് കപ്പലുകൾ തിങ്കളാഴ്ച രാത്രി വാൻ ഹായ് കപ്പലിന് അടുത്തെത്തിയെങ്കിലും കടലിൽ വീണ കണ്ടെയ്‌നറുകൾ പ്രതിസന്ധിയായി. ഇതിനുപുറമേ അസഹനീയമായ ചൂടും വെളിച്ചക്കുറവും കാരണം കപ്പലിനടുത്തേക്ക് പോകാൻകഴിഞ്ഞില്ല. ദൂരത്ത് നിലയുറപ്പിച്ച് ഹൈപ്രഷർ ജെറ്റ് പമ്പ് ഉപയോഗിച്ച് വെള്ളംചീറ്റുകയായിരുന്നു രാത്രി മുഴുവൻ. ചൊവ്വാഴ്ച രാവിലെ കപ്പലിനടുത്തേക്ക് നീങ്ങി മുൻവശത്തെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും മധ്യഭാഗത്ത് പൊട്ടിത്തെറികളും തീയും തുടർന്നു. കപ്പലിൻ്റെ മറ്റുഭാഗങ്ങളിലേക്ക് പടർന്നുപിടിക്കാതിരിക്കാനാണ് ശ്രമമെങ്കിലും വിജയിച്ചിട്ടില്ല.
ഫോസ്‌ഫോറിക് ആസിഡ്, മലെയ്ക് ആൻഹൈഡ്രൈഡ്, കീടനാശിനികൾ എന്നിവ കടലിലെ മത്സ്യസമ്പത്തിനെ ബാധിക്കുന്നതാണ്. ഇവയെ ആഗിരണം ചെയ്യാൻ എളുപ്പമാണ്. പുറന്തള്ളാൻ വലിയ പ്രയാസവും. ഹൈഡ്രോബ്രോമിക് ആസിഡ്, പെൻ്റാമീതൈൽഹെപ്‌റ്റേൻ എന്നിവ വെള്ളത്തിൻ്റെ പിഎച്ച് മൂല്യത്തിൽ വ്യത്യാസം വരുത്തുന്നവയാണ്. ഇതും കടലിലെ ജീവജാലങ്ങളെ ബാധിക്കും. സിങ്ക് ഓക്സൈഡ്, ബെൻസോഫിനോൺ എന്നിവ ഹെവി മെറ്റൽസ് അടങ്ങിയതാണ്. ഇവ കടലിൻ്റെ അടിത്തട്ടിൽ അടിയും. ഇതും മത്സ്യസമ്പത്തിന് ദോഷമാണ്.
കപ്പലിലെ വസ്തുക്കള്‍ കേരളതീരത്ത് അടിയാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടിലേക്കോ ശ്രീലങ്കന്‍ തീരത്തോ കണ്ടെയ്‌നറുകള്‍ അടിയാനാണ് സാധ്യത. എന്നാല്‍ കാറ്റിൻ്റെ ഗതിക്കനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാം. നിലവില്‍ തെക്ക്- കിഴക്ക് ദിശയിലാണ് കണ്ടെയ്‌നറുകള്‍ ഒഴുകുന്നതെന്നാണ് ലഭിക്കുന്ന വിവരം. കപ്പല്‍ ഒഴുകിനീങ്ങുന്നത് തടയാന്‍ സാധിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്. അപകടമുണ്ടായ സ്ഥലത്തുനിന്നും 3 കിലോമീറ്ററോളം കപ്പല്‍ ഒഴുകിനീങ്ങിയിട്ടുണ്ട്. ഇത് തടയാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
ഇതിനിടെ വാൻ ഹായ് കപ്പൽകമ്പനി നിയോഗിച്ച രക്ഷാദൗത്യവിദഗ്ധരായ സാൽവേജ് സംഘവുമായി കോസ്റ്റ് ഗാർഡ് കപ്പലായ സമർഥ് അപകടസ്ഥലത്തെത്തി. ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്, കപ്പൽ ഉപേക്ഷിക്കണോ ഏതെങ്കിലും തീരത്തേക്ക് അടുപ്പിക്കണോ എന്ന് തീരുമാനിക്കുക.























