29 C
Trivandrum
Sunday, November 9, 2025

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം: വൈദ്യുതി മോഷണം അറിയിച്ചിരുന്നുവെന്ന വാദം തെറ്റെന്ന് വൈദ്യുതി ബോർഡ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കെ.എസ്.ഇ.ബി. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്ന വിവരം 7 മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും കെ.എസ്.ഇ.ബി. പ്രസ്താവനയിൽ അറിയിച്ചു.

തോട്ടിയില്‍ ഘടിപ്പിച്ച വയര്‍ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിനു കാരണമായത്. വനാതിര്‍ത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടല്‍ ദുഷ്‌കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് സ്വമേധയാ ഇത്തരം മോഷണങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളു എന്നും ബോർഡ് ചൂണ്ടിക്കാട്ടി.

വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുകയും ചെയ്യും. ഇതിനു 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെ.എസ്.ഇ.ബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളിലോ ആൻ്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാം. 9496010101 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷന്‍ ഓഫീസിന്റെ പേരും ചേര്‍ക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിന്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. അര്‍ഹമായ പാരിതോഷികവും നല്‍കുമെന്ന് ബോർഡ് അറിയിച്ചു.

ആൻ്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോണ്‍ നമ്പര്‍:

വൈദ്യുതി ഭവന്‍, തിരുവനന്തപുരം- 0471 -2444554
തിരുവനന്തപുരം 9446008154, 9446008155
കൊല്ലം 9446008480, 9446008481
പത്തനംതിട്ട (തിരുവല്ല) 9446008484, 9446008485
ആലപ്പുഴ 9496018592, 9496018623
കോട്ടയം 9446008156, 9446008157
ഇടുക്കി (വാഴത്തോപ്പ്) 9446008164, 9446008165
എറണാകുളം 9446008160, 9446008161
തൃശ്ശൂര്‍ 9446008482, 9446008483
പാലക്കാട് 9446008162, 9446008163
മലപ്പുറം 9446008486, 9446008487
കോഴിക്കോട് 9446008168, 9446008169
വയനാട് (കല്പറ്റ) 9446008170, 9446008171
കണ്ണൂര്‍ 9446008488, 9446008489
കാസര്‍കോട് 9446008172, 9446008173
കോള്‍ സെന്റര്‍ നം: 1912, 9496 01 01 01 (കോള്‍, വാട്ട്‌സാപ്പ്)

Recent Articles

Related Articles

Special

Enable Notifications OK No thanks