29 C
Trivandrum
Sunday, November 9, 2025

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഹൈക്കോടതിയിൽ പിണറായിയുടെ സത്യവാങ്മൂലം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽനിന്നു താനും മകൾ വീണയും അവരുടെ കമ്പനിയായ എക്സാലോജിക്കും അനധികൃതമായി പണം സമ്പാദിച്ചെന്ന ആരോപണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊതുതാൽപര്യ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട കേസിൽ‍ മാധ്യമപ്രവർത്തകനായ എം.ആർ.അജയൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി മുൻപാകെയുള്ളത്. ഈ കേസിലെ കക്ഷികളോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്.

മുൻ മാധ്യമപ്രവർത്തകനായ ഹർജിക്കാരന് ഹർജിയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയില്ല. ഈ കേസുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ഇടപാടിനെ കുറിച്ച് ഹര്‍ജിക്കാരന് വ്യക്തിപരമായി അറിയുകയോ ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് മറുപടി സത്യവാങ്മൂലത്തിൽ പിണറായി പറയുന്നു. സി.എം.ആർ.എല്ലും അതിൻ്റെ മാനേജിങ് ഡയറക്ടറും തമ്മിലുള്ള കാര്യത്തിൽ ആദായനികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ഹർജി. വെറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹർജി. ഏതെങ്കിലും വിധത്തിൽ പൊതുതാൽപര്യത്തെ മുൻനിർത്തിയുള്ളതോ പൗരസമൂഹത്തെ ബാധിക്കുന്നതോ ആയ എന്തെങ്കിലും ഹർജിയിൽ വെളിപ്പെടുത്തുന്നില്ല. ഒരു സ്വകാര്യ, വാണീജ്യ ഇടപാടിൻ്റെ പേരിൽ തന്നെയും മകളെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഹര്‍ജി. ഇതിനെ ‘ആഡംബര ഹർജി’ എന്നോ ‘പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള ഹര്‍ജി’ എന്നോ ‘രാഷ്ട്രീയലക്ഷ്യം ലാക്കാക്കിയുള്ള ഹർജി’ എന്നോ ആണ് വിളിക്കേണ്ടതെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

സി.എം.ആർ.എൽ. ഉൾപ്പെടെ ഒരു കമ്പനിയിൽനിന്നും തൻ്റെ മകളുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വഴി നേരിട്ടോ അല്ലാതെയോ അനധികൃതമായി ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പിണറായി വിജയൻ പറയുന്നു. തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതവും സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. സി.എം.ആർ.എല്ലിൽനിന്ന് അനധികൃതമായി പണം ലഭിക്കുന്നതിനുള്ള ബിനാമി കമ്പനിയാണ് എക്സാലോജിക് എന്ന ആരോപണം പൂർണമായി നിഷേധിക്കുന്നു. ഒരു ഐ.ടി. സേവനദാതാവ് എന്ന നിലയിലാണ് എക്സാലോജിക് സി.എം.ആർ.എല്ലുമായി ഇടപെട്ടിട്ടുള്ളത്. സി.എം.ആർ.എല്ലിന് സോഫ്ട്വെയർ, മാർക്കറ്റിങ് കൺസൽട്ടൻസി സേവനം ഒരു ഫീസിൻ്റെ അടിസ്ഥാനത്തിൽ കരാർ അനുസരിച്ച് എക്സാലോജിക് നൽകി എന്നാണ് തനിക്കു ലഭിച്ചിട്ടുള്ള വിവരം. ഇതിൻ്റെ മുഴുവൻ പണമിടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ്. തനിക്ക് ഈ ഇടപാടുമായി യാതൊരു ബന്ധവുമില്ല. സി.എം.ആർ.എല്ലോ മറ്റേതെങ്കിലും കമ്പനികളോ എക്സാലോജിക്കുമായി ഉണ്ടാക്കുന്ന കരാറുകളിൽ ഇടപെടുകയോ സഹായിക്കുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും പിണറായി വിജയൻ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

സി.എം.ആർ.എല്ലിന് നേട്ടമുണ്ടാക്കാനായുള്ള കാര്യങ്ങൾ ചെയ്യാൻ ഏതെങ്കിലും വകുപ്പിനോടോ ഉദ്യോഗസ്ഥരോടോ നിർദേശിച്ചിട്ടില്ല. അങ്ങനെയല്ലെന്ന് വ്യക്തമാക്കാനുള്ള തെളിവ് ഹാജരാക്കാൻ ഹർജിക്കാരനും കഴിഞ്ഞിട്ടില്ല. എക്സാലോജിക്കിന് നൽകിയ പ്രതിഫലം മൂലം തനിക്ക് പരോക്ഷമായി ഗുണമുണ്ടായി എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇതേ വിഷയത്തിൽ തന്നെയും മകളെയും എതിർകക്ഷികളാക്കി മാത്യു കുഴൽനാടൻ എം.എൽ.എ. വിജിലൻസ് കോടതിയിൽ നൽകിയ പരാതി തള്ളിയതും ഇതിനെതിരെ ഹൈക്കോടതിയിൽ‍ നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളിയതും മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അന്തരിച്ച ഗിരീഷ് ബാബു എന്ന മറ്റൊരു ഹർജിക്കാരൻ നല്‍കിയ ഹർജിയും സമാന വിധത്തില്‍ തള്ളിയത് സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

കോവളം കൊട്ടാരം ഒരു ബിസിനസ് ഗ്രൂപ്പിന് വിറ്റതിൻ്റെ സൂത്രധാരൻ താനാണെന്നും അതുവഴി അനധികൃത നേട്ടമുണ്ടാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നത് പൂർണമായും തെറ്റാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പ്രതിച്ഛായ തകർക്കാനുള്ള ശ്രമമമാണ് പൊതുതാൽപര്യ ഹർജി എന്ന പേരിൽ നൽകിയിരിക്കുന്നത്. കോവളം കൊട്ടാരം കൈമാറുന്നതു സംബന്ധിച്ചുള്ള നിയമവ്യവഹാരങ്ങള്‍‍ അവസാനിച്ചതിനു ശേഷമാണ് താൻ മുഖ്യമന്ത്രി പദത്തിലെത്തിയത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കോവളം കൊട്ടാരം കൈമാറ്റം ചെയ്തത് ഏകപക്ഷീയവും രഹസ്യമായും അനധികൃതമായുമാണ് എന്ന പ്രതീതി ഉണ്ടാക്കാനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അന്നത്തെ റവന്യൂ മന്ത്രി അറിയാതെയാണ് തീരുമാനമെടുത്തത് എന്ന വസ്തുതാവിരുദ്ധമായ ആരോപണവും ഉന്നയിച്ചിരിക്കുന്നു. കഴിഞ്ഞ 5 പതിറ്റാണ്ടായി പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ചയാളാണ് താൻ. പൊതുജീവിതത്തിൽ ഇന്നോളം സത്യസന്ധത ഉയർത്തിപ്പിടിച്ചിട്ടുണ്ട്. കേരള നിയമസഭയിലേക്ക് 6 വട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നും പിണറായി വിജയൻ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

ആദായ നികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയിട്ടുള്ളത്. എന്നാൽ താനോ മകളോ ഇതിൽ കക്ഷികളല്ല. സി.എം.ആർ.എല്ലും അതിൻ്റെ ഡയറക്ടർമാരും ആദായ നികുതി വകുപ്പുമായുള്ള കാര്യമാണ് ബോർഡ് തീർപ്പാക്കിയത്. സി.എം.ആർ.എല്ലിൻ്റെ നികുതി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ബോർഡ് ഉത്തരവ് ഇട്ടിട്ടുള്ളത്. അല്ലാതെ തൻ്റെയോ വീണയുടെയോ എക്സാലോജിക്കിൻ്റെയോ അല്ല. ഒരു ഘട്ടത്തിൽ പോലും ഇതിനോട് പ്രതികരിക്കാൻ തങ്ങൾക്ക് അവസരവും ലഭിച്ചിട്ടില്ല. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എസ്.എഫ്.ഐ.ഒ. അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊരു കേന്ദ്ര ഏജൻസി ഈ വിഷയം അന്വേഷിക്കേണ്ടതില്ല. ഹർജിക്കാരൻ സംസ്ഥാന സർക്കാരിനെ പോലും ഹർജിയിൽ കക്ഷിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാനത്ത് ഇത്തരം വിഷയങ്ങൾ അന്വേഷിക്കാൻ വിജിലൻസും ലോകായുക്തയുമൊക്കെ ഉള്ളപ്പോൾ ഇതു കരുതിക്കൂട്ടി ഒഴിവാക്കിയതാണ്. ഫെഡറൽ തത്വങ്ങൾക്കും എതിരാണ് ഹർജിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിജിലൻസ് കണ്ടെത്തലിനെ ഹർജിക്കാരൻ ചോദ്യം ചെയ്തിട്ടില്ല. ഇതിൽ കേസെടുക്കാൻ സാധിക്കില്ലെന്ന വിജിലന്‍സ് സ്പെഷൽ ജഡ്ജിയുടെ ഉത്തരവും ചോദ്യം ചെയ്തിട്ടില്ല. എന്നിട്ടും സംസ്ഥാന ഏജൻസികൾക്ക് സുതാര്യമായ അന്വേഷണം നടത്താൻ കഴിവില്ലെന്ന് ഊഹിക്കുകയാണ്. സംസ്ഥാന സർക്കാരിനെ പോലും കക്ഷി ചേർക്കാതെയും, തെളിവുകൾ ഇല്ലാതെയും സമർപ്പിച്ചിരിക്കുന്ന ഹർജി തള്ളണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks