കേരള തീരത്ത് വീണ്ടും കപ്പലപകടം; ചരക്കുകപ്പലിൽ പൊട്ടിത്തെറി, തീപ്പിടിത്തം

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറു ഭാ​ഗത്തായി 135 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. സിംഗപോര്‍ പതാക വഹിക്കുന്ന എം.വി. വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്.

ബേപ്പൂരില്‍ നിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം അഴീക്കലുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. 2 ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്.

രാവിലെ 9.30ഓടുകൂടിയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായി എന്ന വിവരം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുന്നത്. കപ്പലിൻ്റെ താഴത്തെ ഡെക്കില്‍ സ്ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40ഓടെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയായിരുന്നു.

നാവികസേനയുടെ ഐ.എൻ.എസ്. സൂറത്ത് എന്ന കപ്പലിനെ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട്. കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ചപ്പോൾ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി കപ്പലിനെ അയച്ചു. ഈ കപ്പല്‍ ഉടന്‍ തന്നെ തീപ്പിടിച്ച കപ്പലിന് സമീപത്തെത്തും. കോസ്റ്റ് ഗാര്‍ഡിൻ്റെ ഡോർണിയര്‍ വിമാനം നിരീക്ഷണത്തിനായി സ്ഥലത്തെത്തി.

കപ്പലിൽ നിന്ന് 50 കണ്ടെയ്‌നറുകള്‍ ഇതിനകം വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650ഓളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്കിയിട്ടുണ്ട്.

മോശം കാലാവസ്ഥയിലും ചുഴിയിലുമകപ്പെട്ട് ചരക്കുകപ്പലായ എം.എസ്.സി. എൽസ 3 മെയ് 24ന് അറബിക്കടലിൽ മുങ്ങിയിരുന്നു. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ തെക്കുപടിഞ്ഞാറായാണ് ഈ കപ്പൽ മുങ്ങിയത്. അതിനു പിന്നാലെയാണ് കേരള തീരത്ത് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.

Recent Articles

Related Articles

Special