Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച എം.വി. വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലിലെ തീ നിയന്ത്രണാതീതയമായി തുടരുന്നു. കപ്പലിലെ തീയണയ്ക്കാനെത്തിയ കോസ്റ്റ് ഗാര്‍ഡിൻ്റെയും നാവികസേനയുടെയും കപ്പലുകള്‍ക്ക് തീപിടിച്ച കപ്പലിനു സമീപത്തേക്ക് ചെല്ലാൻ സാധിക്കുന്നില്ല. കോസ്റ്റ് ഗാര്‍ഡിൻ് 5 കപ്പലുകളും നാവികസേനയുടെ 1 കപ്പലും സംഭവസ്ഥലത്തുണ്ട്.
അപകടത്തില്‍പ്പെട്ട കപ്പല്‍ജീവനക്കാരെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവികസേനാ കപ്പലായ ഐ.എൻ.എസ്. സൂറത്തിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം മംഗലാപുരത്ത് എത്തിക്കാനാണ് ആലോചന.
കപ്പലിലെ കണ്ടെയ്നറുകളില്‍ കൂടുതല്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന അപകടകരമായ വസ്തുക്കളുള്ളതും തീയുടെ കാഠിന്യവുമാണ് മറ്റ് കപ്പലുകള്‍ക്ക് വാന്‍ ഹായ് 503ന് അടുത്തേക്കെത്താന്‍ സാധിക്കാത്തതിന് കാരണം. അപകടം നടന്ന് 9 മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തീ പിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്നറുകള്‍ കടലിലേക്ക് വീണിരുന്നു. കപ്പലിലെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതും മറ്റ് കപ്പുലുകള്‍ക്ക് ഇതിനടുത്തെത്താൻ തടസമാകുന്നുണ്ട്. സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ 9.30ഓടുകൂടിയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായി എന്ന വിവരം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുന്നത്. കപ്പലിൻ്റെ താഴത്തെ ഡെക്കില്‍ സ്ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40ഓടെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയായിരുന്നു.
























