Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി. ഐറിന വിഴിഞ്ഞം തുറമുഖം ബര്‍ത്തില്‍ നങ്കുരമിട്ടു. തിങ്കളാഴ്ച 9 മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. സിങ്കപോരില്‍ നിന്നു വന്ന കപ്പൽ കഴിഞ്ഞ ചൊവ്വാഴ്‌ച പുറംകടലിൽ എത്തിയിരുന്നു. എന്നാൽ മറ്റ് കപ്പലുകൾ തുറമുഖത്ത് വരാനുണ്ടായിരുന്നതിനാൽ അവയിലെ ചരക്കുകൾ കൈകാര്യം ചെയ്‌തശേഷമാണ് ഐറിന വിഴിഞ്ഞത്ത് ബർത്ത് ചെയ്തത്. കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണമൊരുക്കി.
4 ഫുട്ബോൾ ഗ്രൗണ്ടിൻ്റെ വലിപ്പം, 22 നില കെട്ടിടത്തിൻ്റെ ഉയരം, മലയാളി കപ്പിത്താൻ എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകളോടെയാണ് എം.എസ്.സി. ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ലൈബീരിയൻ പതാകയേന്തി എത്തിയ കപ്പലിൻ്റെ അമരക്കാരൻ തൃശൂർ സ്വദേശി വില്ലി ആൻ്റണിയാണ്. സിങ്കപോരിൽനിന്ന് കഴിഞ്ഞമാസം 29ന് വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കപ്പലിൽ 35 ജീവനക്കാരുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തെ വമ്പന്‍ ചരക്കുകപ്പലിൻ്റെ മാസ്റ്റർ (കപ്പിത്താൻ) ആയി ആ കപ്പലിനെ ഇവിടെ അടുപ്പിക്കാനും അവസരം ലഭിച്ചത് മലയാളി എന്നനിലയില്‍ അഭിമാനത്തിനു പുറമേ ഭാഗ്യം കൂടിയായി താന്‍ കാണുന്നതായി ക്യാപ്റ്റന്‍ വില്ലി ആൻ്റണി പറഞ്ഞു. തൃശ്ശൂര്‍ പുറനാട്ടുക്കര പാലോക്കാരന്‍ വീട്ടിലെ പരേതനായ ആൻ്റണിയുടെയും ലില്ലിയുടെയും മകനാണ് വില്ലി ആൻ്റണി. 29 കൊല്ലമായി കപ്പലില്‍ ജോലികിട്ടിയിട്ട്. എം.എസ്.സിയുടെ കപ്പല്‍ കമ്പനിയില്‍ കപ്പലിൻ്റെ അമരക്കാരനായിട്ട് 14 വര്‍ഷമായെന്ന് അദ്ദേഹം പറഞ്ഞു.
2023ലാണ് കപ്പൽ നിർമിച്ചത്. 399.9 മീറ്ററാണ് കപ്പലിൻ്റെ നീളം. 61.3 മീറ്റർ വീതിയുമുണ്ട് ഈ കൂറ്റൻ ചരക്ക് കപ്പലിന്. 24,346 ടി.ഇ.യു. കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷി ഈ ചരക്കുകപ്പലിനുണ്ട്. 16,000 കണ്ടെയ്‌നറുകളാണ് ഇപ്പോൾ കപ്പലിലുള്ളത്. 3,000-5000 കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തിറക്കുമെന്നാണ് സൂചന.
എം.എസ്.സി. ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ. ദക്ഷിണേഷ്യൻ തുറമുഖത്ത് ആദ്യമായാണ് എം.എസ്.സി. ഐറിന എത്തുന്നത്. വിഴിഞ്ഞത്തിലൂടെ കേരളത്തിനും രാജ്യത്തിനും അഭിമാനമാവുകയാണ് ഈ നേട്ടം.
























