Follow the FOURTH PILLAR LIVE channel on WhatsApp
റായ്പുർ: സുക്മയിലെ കോട്ന പ്രദേശത്ത് മാവോയിസ്റ്റുകൾ നടത്തിയ ഐ.ഇ.ഡി. സ്ഫോടനത്തിൽ ഛത്തീസ്ഗഢ് പൊലീസിലെ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് (എ.എസ്.പി.) കൊല്ലപ്പെട്ടു. എ.എസ്.പി. ആകാശ് റാവു ഗിരിപുഞ്ചെയാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് ആധിപത്യമുള്ള പ്രദേശത്തായിരുന്നു സ്ഫോടനം.
സ്റ്റേഷൻ ഹൗസ് ഓഫിസർ, സബ് ഡിവിഷനൽ ഓഫിസർ ഓഫ് പൊലീസ്, മറ്റൊരു ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടെ 3 ഉദ്യോഗസ്ഥരെ പരുക്കേറ്റ് ജഗ്ദൽപൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങൾ മാവോയിസ്റ്റുകൾ കത്തിച്ച സംഭവം പരിശോധിക്കാൻ പോയതായിരുന്നു പൊലീസ് സംഘം.
സ്ഫോടനത്തിനു പിന്നാലെ എ.എസ്.പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായിരുന്നു. പിന്നീട് മരണം സംഭവിച്ചു. ബിജാപുർ മേഖലയിൽ അടുത്തിടെ നടന്ന ഓപ്പറേഷനുകളിൽ നിരവധി ഉന്നത മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജൂൺ 10ന് മാവോയിസ്റ്റുകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
































