ട്രംപും മസ്കുമായുള്ള പോര് ബഹിരാകാശത്തേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന് നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ സബ്‌സിഡികളും കരാറുകളും റദ്ദാക്കുമെന്ന യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വെല്ലുവിളിക്ക് മറുപടിയുമായി ഇലോണ്‍ മസ്‌ക്. തൻ്റെ സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന പ്രസിഡൻ്റിൻ്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍, സ്‌പേസ് എക്‌സിൻ്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉടന്‍ തന്നെ ഡീ കമ്മീഷന്‍ ചെയ്യാന്‍ ആരംഭിക്കുമെന്ന് മസ്‌ക് പറഞ്ഞു. ഇതോടെ ഇരുവരും തമ്മിലുള്ള ഭിന്നത ഭൂമിയുടെ അതിരുകൾ കടന്ന് ബഹിരാകാശത്തേക്ക് ഉയരുകയാണ്.

‘നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള എളുപ്പവഴി ഇലോണിൻ്റെ സര്‍ക്കാര്‍ സബ്‌സിഡികളും കോണ്‍ട്രാക്ടുകളും ഒഴിവാക്കുകയാണ്. ബൈഡന്‍ അത് ചെയ്യാതിരുന്നതില്‍ ഞാനെപ്പോഴും ആശ്ചര്യപ്പെട്ടിരുന്നു.’ എന്നായിരുന്നു ട്രംപിൻ്റെ പോസ്റ്റ്.

അതിന് മറുപടിയായാണ് മസ്‌ക് സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിൻ്റെ സേവനം നിര്‍ത്തലാക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണങ്ങള്‍ക്കായി യു.എസ്. ഭരണകൂടം ആശ്രയിക്കുന്നത് സ്‌പേസ് എക്‌സിനെയാണ്.

നാസയ്ക്ക് ഇപ്പോള്‍ സ്വന്തമായി ബഹിരാകാശ പേടകങ്ങളില്ല. സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിപ്പിച്ചതിന് ശേഷം നാസ ബഹിരാകാശ നിലയത്തിലേക്ക് സ്വന്തം സഞ്ചാരികളെ അയയ്ക്കുന്നതിനായി ആശ്രയിച്ചത് റഷ്യന്‍ പേടകങ്ങളെ ആയിരുന്നു. അതിന് അവസാനമിട്ടത് സ്‌പേസ് എക്‌സിൻ്റെ ഡ്രാഗണ്‍ ക്രൂ പേടകം രംഗപ്രവേശം ചെയ്തതോടെയാണ്.

ബോയിങ്ങിനും ബഹിരാകാശ പേടകം നിർമിക്കാനുള്ള കരാർ നൽകിയിരുന്നു. എന്നാൽ ബോയിങ്ങിൻ്റെ സ്റ്റാർലൈനർ പേടകത്തിന് ഇതുവരെ പരീക്ഷണ വിക്ഷേപണങ്ങളിൽ പൂർണ വിജയം നേടാന്‍ സാധിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് കാലം മുതല്‍ ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കടുത്ത പിന്തുണ നല്‍കിയിരുന്ന ഇലോണ്‍ മസ്‌ക് ഇപ്പോള്‍ അദ്ദേഹവുമായി തെറ്റിയിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിൻ്റെ സ്വന്തം സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യല്‍ വഴിയും മസ്‌ക് തൻ്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയും പരസ്പരം വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും കളിയാക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.

Recent Articles

Related Articles

Special