29 C
Trivandrum
Tuesday, November 11, 2025

പാക് പൊലീസിനെ മുൻ ഉദ്യോഗസ്ഥനും ട്രാവൽ ഏജൻ്റും ഇന്ത്യൻ ചാരശൃംഖലയിലെ പ്രധാന കണ്ണികൾ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഇൻ്റര്‍ സര്‍വീസ് ഇൻ്റലിജന്‍സിനു (ഐ.എസ്.ഐ.) വേണ്ടി ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യക്കാരായ സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരുടെ ഹാന്‍ഡ്ലര്‍ പാകിസ്താന്‍ പൊലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍. ഇവരെ ചാരവൃത്തിക്ക് ഉപയോഗിക്കാൻ സഹായങ്ങൾ നൽകിയത് പാകിസ്താനിലെ ട്രാവൽ ഏജൻസി ഉടമയായ വനിത.

പാകിസ്താന്‍ പൊലീസിലെ മുന്‍ സബ് ഇന്‍സ്പെക്ടര്‍ നാസിര്‍ ധില്ലണ്‍ ആണ് ചാരപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ ഇൻഫ്ലുവൻസർമാരെ റിക്രൂട്ട് ചെയ്തിരുന്നത്. ലഹോറിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന നോഷാബ ഷെഹ്സാദ് ആണ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർക്ക് സൗകര്യങ്ങൾ ചെയ്തു നൽകിയിരുന്നത്. നാസിറും നോഷാബായുമാണ് ഇന്ത്യന്‍ ഇൻഫ്ലുവൻസർമാർക്കും ഐ.എസ്.ഐയ്ക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഫൈസലാബാദ് സ്വദേശിയായ നാസിറിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന നാസിര്‍ ധില്ലണ് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഈ യൂട്യൂബ് ചാനല്‍ വഴി ഇന്ത്യക്കാര്‍ക്ക് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിനുള്ള വിസാ നടപടികളെ സംബന്ധിച്ച നിരവധി വീഡിയോകള്‍ നാസിര്‍ ചെയ്തിരുന്നു. 2 വര്‍ഷം മുന്‍പാണ് നാസിറിനെ പാകിസ്താാന്‍ ചാര സംഘടനയായ ഐ.എസ്‌.ഐ. റിക്രൂട്ട് ചെയ്തത്. തന്നെ ബന്ധപ്പെട്ടത് നാസിറാണെന്ന് ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീർ സിങ് മൊഴി നല്‍കി.

‘മാഡം എൻ’ എന്ന കോഡിലാണ് നോഷാബ അറിയപ്പെട്ടിരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള ജൈയാന ട്രാവൽ ആൻഡ് ടൂറിസം എന്ന ഏജൻസിയാണ് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവർക്ക് പാകിസ്താൻ സന്ദർശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ജ്യോതി മൽഹോത്രയെ ചോദ്യം ചെയ്തപ്പോഴാണ് മാഡം എന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ അഞ്ഞൂറോളം വരുന്ന ചാരന്മാരുടെ സ്ലീപ്പർ സെൽ സ്ഥാപിക്കാനായി പ്രവർത്തിക്കുകയായിരുന്നു മാഡം എൻ എന്നാണ് കണ്ടെത്തൽ.

പാകിസ്താനി സിവിൽ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് നോഷാബയുടെ ഭർത്താവ്. ഇന്ത്യയിൽ സ്ലീപ്പർ സെൽ ശൃംഖല കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്നതിൽ പാകിസ്താൻ സൈന്യവും ഐ.എസ്.ഐയും നോഷാബയ്ക്ക് നിർദേശങ്ങൾ നൽകിയിരുന്നു. 6 മാസത്തിനിടെ നോഷാബ 3000ഓളം ഇന്ത്യക്കാരെയും 1500 പ്രവാസി ഇന്ത്യക്കാരെയും പാകിസ്താൻ സന്ദർശിക്കാൻ സഹായിച്ചിട്ടുണ്ട്.

ഡൽഹിയിലെ പാകിസ്താൻ എംബസിയിലും നോഷാബയ്ക്ക് വലിയ സ്വാധീനമുണ്ട്. പാക് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (വിസ) സുഹൈൽ ഖമർ, കൗൺസലർ ഉമർ ഷെര്യാർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർ ഒറ്റ ഫോൺകോൾ കൊണ്ടുതന്നെ പാകിസ്താൻ വീസ സംഘടിപ്പിച്ചു നൽകിയിരുന്നു.

ഇന്ത്യന്‍ ഇൻഫ്ലുവൻസർമാരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുകയാണ് നാസിറും നോഷാബയും ചെയ്തിരുന്നത്. തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെ പാകിസ്താന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ഐ.എസ്‌.ഐ. ഉദ്യോഗസ്ഥന്‍ ഡാനിഷ് അഥവാ എഹ്സാൻ ഉർ റഹ്മാനുമായി ബന്ധപ്പെടുത്തും. ഡാനിഷാണ് ഇവരെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നത്. ജ്യോതി മൽഹോത്രയുടെ അറസ്റ്റിനു പിന്നാലെ ഇന്ത്യ പുറത്താക്കിയ ആളാണ് ഡാനിഷ്.

Recent Articles

Related Articles

Special

Enable Notifications OK No thanks