Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: സിന്ധൂനദിജല കരാറിൻ്റെ ഭാഗമായി ഇന്ത്യൻ നദികളിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഉത്തരേന്ത്യയിലെ ഭാഗങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ രൂപരേഖ തയ്യാറാക്കി. പുതിയ കനാലുകൾ പണിത് ജലം പഞ്ചാബ്, രാജസ്ഥാൻ, ഹരിയാണ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് വഴിതിരിച്ചുവിടുന്നതിന് 130 കിലോമീറ്റർ നീളത്തിലുള്ള കനാൽ 2 വർഷം കൊണ്ട് പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ കനാലിൻ്റെ നീളം 70 കിലോമീറ്ററാക്കി വർധിപ്പിച്ച് യമുനയിലേക്ക് ഈ വെള്ളമെത്തിക്കും.
3 വർഷമാണ് കനാൽ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന സമയപരിധി. എന്നാൽ, 2 വർഷത്തിനുള്ളിൽത്തന്നെ കനാൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചത്. കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ വീണ്ടും കത്തയച്ചു. ഇതുവരെ ഇന്ത്യക്ക് 4 കത്തുകളാണ് അയച്ചത്. പാകിസ്താൻ ആദ്യം നൽകിയ 2 കത്തുകൾ ഇന്ത്യ തള്ളിയിരുന്നു. കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാക് ജലവിഭവ വകുപ്പ് സെക്രട്ടറി സയ്യീദ് അലി മുർത്താസ ഇന്ത്യൻ ജൽ ശക്തി വകുപ്പിന് അയച്ച 2 കത്തുകൾ നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്.
നേരത്തെ സിന്ധു നദീജല കരാറിൽ പുനഃപരിശോധന വേണമെന്നും അതിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ട് 2023 ജനുവരിയിലും 2024 സെപ്റ്റംബറിലും ഇന്ത്യ അയച്ച കത്തുകളോട് പാകിസ്താൻ അനുകൂല സമീപനം കാണിച്ചിരുന്നില്ല. എന്നാൽ കരാർ ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെ ചർച്ച ആവശ്യവുമായി പാകിസ്താൻ ഇന്ത്യയെ സമീപിക്കുകയായിരുന്നു.
പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് തടസ്സപ്പെടുന്നത് റാബി വിളവിനെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. റാബി സീസണിൽ ഒരു മാസത്തോളം വെള്ളം തടസ്സപ്പെട്ടാൽ അത് വിളവിനെ ബാധിക്കും. കുടിവെള്ള വിതരണത്തിനും വെല്ലുവിളിയാകും. എന്നാൽ, മൺസൂൺ ലഭിച്ചതിനാൽ പാകിസ്താനിലെ ഖാരിഫ് വിളവെടുപ്പിന് വലിയ പ്രശ്നങ്ങളുണ്ടാകില്ല.





























