Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി. അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾക്കു ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.
സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായാണ് അറിയപ്പെടുന്നത്. 3 തവണ രാജ്യസഭാംഗം, 2 തവണ നിയമസഭാംഗം, 2 തവണ കെ.പി.സി.സി. പ്രസിഡൻ്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദ പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നാണ് ബാലകൃഷ്ണപിള്ള ജനിച്ചത്. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സിയിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി.
കോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻ്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻ്റായും പ്രവർത്തിച്ച ശേഷം കൊല്ലം ഡി.സി.സി. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മുതൽ കെ.പി.സി.സി. അംഗമാണ്.
1981 മുതൽ 1992 വരെ കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1998 മുതൽ 2001 വരെയും 2004-05ലും കെ.പി.സി.സി. പ്രസിഡൻ്റായി. 1998ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി. പ്രസിഡൻ്റാകുന്നത്. 2001ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ്. വൻ വിജയം നേടി. പിന്നീട് 2001ൽ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു. 2004ൽ കെ.മുരളീധരൻ എ.കെ.ആൻ്റണി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് താത്കാലിക പ്രസിഡൻ്റായിരുന്ന പി.പി.തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡൻ്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടർന്നു.
1977ലും 1982ലും അടൂരിൽ നിന്ന് നിയമസഭാംഗമായിരുന്നു. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991-1992, 1992-1998, 2003-2009 കാലയളവിൽ രാജ്യസഭാംഗമായും തെന്നല പ്രവർത്തിച്ചു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റായും സംസ്ഥാന സഹകരണ ബാങ്കിൻ്റെയും പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതീദേവി. മകൾ: നീത.
ഭൗതികശരീരം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ.























