29 C
Trivandrum
Friday, November 7, 2025

12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൂർണ യാത്രാവിലക്കുമായി ട്രംപ്; 7 രാജ്യക്കാർക്ക് ഭാഗികയാത്രാവിലക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ : 12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ യാത്രാ നിരോധന ഉത്തരവിൽ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. അഫ്​ഗാനിസ്ഥാൻ, ഇറാൻ, യെമൻ എന്നീ രാജ്യങ്ങളും വിലക്കിയവയുടെ പട്ടികയിലുണ്ട്. മ്യാൻമർ, ഛാ‍ഡ്, റിപ്പബ്ലിക് ഓഫ് ദ കോം​ഗോ, ഇക്വറ്റോറിയൽ ​ഗിനിയ, എറിത്രിയ, ഹെയ്തി, ലിബിയ, സൊമാലിയ, സുഡാൻ എന്നിവയാണ് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയ മറ്റു രാജ്യങ്ങൾ.

ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറ ലിയോൺ, ടോ​ഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല എന്നീ 7 രാജ്യങ്ങൾക്ക് ഭാ​ഗിത യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. അമേരിക്കയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.

കൊളറാഡോയിലെ ബൗൾഡറിൽ നടന്ന പ്രതിഷേധവും ആക്രമണവുമാണ് ഈ നടപടിക്ക് പ്രേരണയായതെന്നാണ് ട്രംപ് പറയുന്നത്. ശരിയായ പരിശോധനകൾ കൂടാതെയുള്ള വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന് അപകടമാണെന്നും രാജ്യത്തിൻറെ ദേശീയ സുരക്ഷക്ക് നടപടി അനിവാര്യമാണെന്നും ട്രംപ് വാദിച്ചു. ‘വളരെ ഉയർന്ന അപകടസാധ്യത’ ഉള്ള രാജ്യങ്ങൾ എന്ന് വിശേഷണമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം നൽകുന്നത്.

2017ൽ നിരവധി മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2021ൽ ജോ ബൈഡൻ വിലക്ക് പിൻവലിച്ചു. മുസ്ലിം രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനോടാണ് ട്രംപ് പുതിയ നയത്തെയും താരതമ്യം ചെയ്തത്. 2017ലെ നിരോധനം മൂലം ഭീകരാക്രമണങ്ങളിൽ നിന്ന് അമേരിക്ക രക്ഷപെട്ടുവെന്നും ട്രംപ് വാദിക്കുന്നു.

41 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ് സർക്കാർ തീരുമാനിച്ചതായി മാർച്ചിൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 3 വിഭാ​ഗങ്ങളിലായി രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് വിലക്ക് നൽകാൻ തീരുമാനിച്ചിരുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks