Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തിൻ്റെ പേരില്‍ കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ബഹിഷ്‌കരിച്ച സംഭവത്തില്‍ അതൃപ്തി വ്യക്തമാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആർലേകര്‍. ചിത്രം രാജ്ഭവനില്‍നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിൻ്റെ അടയാളമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കിയ ഗവർണർ അവര്‍ക്കു വരാന്‍ കഴിയാത്ത എന്തു സാഹചര്യമാണുള്ളതെന്നും ചോദിച്ചു. ‘വിദ്യാഭ്യാസമന്ത്രി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അദ്ദേഹത്തിനു വരാന്‍ പറ്റാത്തതിനാല്‍ കൃഷി മന്ത്രി വരുമെന്ന് പറഞ്ഞു. എന്നാല്‍ വേദിയില്‍നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റണമെന്നാണ് കൃഷി മന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നു മറുപടി നല്‍കി. മാതൃഭൂമിയെ മാറ്റാന്‍ കഴിയില്ല. ഇത്തരം ആദര്‍ശങ്ങള്‍ക്കു വേണ്ടിയാണ് നമ്മള്‍ ജീവിക്കുന്നത്. ചിത്രം മാറ്റാന്‍ പറ്റില്ലെന്നു പറഞ്ഞതുകൊണ്ടാകാം രണ്ടു മന്ത്രിമാരും വരാതിരുന്നത്. എന്തു തരം ചിന്താഗതിയാണ് ഇതെന്ന് എനിക്കറിയില്ല’ – ഗവര്‍ണര്‍ പറഞ്ഞു.
കൃഷിമന്ത്രി ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ രാജ്ഭവന്‍ സ്വന്തം നിലയ്ക്കു നടത്തിയ പരിസ്ഥിതി ദിനാഘോഷം ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു കൊളുത്തിയാണ് ഗവര്‍ണര്‍ ആരംഭിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തുകയും ചെയ്തു. ചടങ്ങിൻ്റെ ചിത്രങ്ങള്‍ രാജ്ഭവന്‍ പുറത്തുവിട്ടു.
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്ഭവന്‍ പരിസരത്ത് ഗവര്‍ണര്‍ റംബുട്ടാന്‍, പേര, സിന്ധൂര്‍ വരിക്ക പ്ലാവ്, കോട്ടുകോണം മാങ്ങ, തായ്‌ലൻഡ് ചാംമ്പ, വിയറ്റ്നാം റെഡ് പ്ലാവ് തുടങ്ങിയവയുടെ തൈകൾ നട്ടു.പരിസ്ഥിതി സംരക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തിൻ്റെ ഭാഗമാണെന്നും പൗരന്മാരുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
























