Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ച് കൃഷി മന്ത്രി പി.പ്രസാദ്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയില്‍ ആർ.എസ്.എസ്. പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിന്നത്.
സംസ്ഥാന സര്‍ക്കാരിൻ്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറും കൃഷി മന്ത്രി പി.പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ 9നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഒരുക്കങ്ങൾ വിലയിരുത്താൻ കൃഷി വകുപ്പുദ്യോഗസ്ഥർ രാജ്ഭവനിലെത്തിയപ്പോഴണ് വേദിയിലുള്ള ചിത്രം കണ്ടത്. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. ഇതേത്തുടർന്ന് വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവന്‍ അധികൃതരെ കൃഷി വകുപ്പ് അറിയിക്കുകയായിരുന്നു.

രാജ്ഭവൻ്റെ സെന്‍ട്രല്‍ ഹാളിലെ ഈ ചിത്രം നേരത്തെ തന്നെ വെച്ചതാണെന്നും മുന്‍പ് പല പരിപാടികളും ഈ പശ്ചാത്തലത്തില്‍ നടന്നതാണെന്നും അതിനാല്‍ ചിത്രം നീക്കാനാകില്ലെന്നുമുള്ള നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചു. ഇതോടെ മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.
രാവിലെ 9 മണിക്ക് രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിക്കു പങ്കെടുക്കുന്നതിനായി മന്ത്രിസഭാ യോഗം സാധാരണ ചേരുന്ന സമയം മാറ്റി 11നാക്കിയിരുന്നു. ചിത്രം മാറ്റണമെന്ന ആവശ്യം ഗവർണർ നിരാകരിച്ചതോടെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം രാവിലെ അറിയിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ പരിപാടി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കു മാറ്റുകയും ചെയ്തു. രാജ്ഭവനില്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷം ഗവര്‍ണറുടെ നേതൃത്വത്തിലും നടന്നു.
രാജ് ഭവനിൽ നിന്ന് പരിപാടി ഒഴിവാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടലുണ്ടെന്നാണ് വിവരം. കൃഷിമന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ദർബാർ ഹാളിലേക്ക് പരിപാടി മാറ്റിയത്.

സര്‍ക്കാരിൻ്റെ പരിപാടിയിൽ വരുത്താൻ കഴിയാത്ത മാറ്റമാണ് രാജ്ഭവനിൽ ഉണ്ടായതെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറോട് ആവശ്യപ്പെട്ടെങ്കിലും അത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അറിയിച്ചെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
നേരത്തെതന്നെ രാജ്ഭവനിലാണ് ഈ പരിപാടി നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാരിൻ്റെ പരിപാടിക്ക് ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു മാറ്റമാണ് അവിടെ ഉണ്ടായത്. അത് അംഗീകരിക്കാന്‍ സര്‍ക്കാരിന് പ്രയാസമാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് വളപ്പില്‍ ചെടി നട്ട് പരിപാടി സംഘടിപ്പിച്ചത്. സാധാരണഗതിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രമല്ല അവിടെ ഉണ്ടായിരുന്നത്. ആര്‍.എസ്.എസ്. ഉപയോഗിക്കുന്ന ചിത്രമാണ് ഗവര്‍ണറുടെ ഓഫീസ് തന്നെ അയച്ചുതന്നത്. ഭരണഘടനാപരമായി ശരിയായ കാര്യമല്ല അതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഭരണഘടനാവിരുദ്ധമായ കാര്യമാണിത്. എല്ലാവരെയും ഒരുപോലെ കാണണമെന്ന് പറയുന്നിടത്ത് മത, രാഷ്ട്രീയ ചിഹ്നനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റേണ്ടയാളാണ് ഗവര്‍ണര്‍.
രാജ്ഭവനിൽ ആർ.എസ്.എസ്. സൈദ്ധാന്തികൻ ഗുരുമൂർത്തിയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രഭാഷണം നടത്തിയതിനെതിനെയും അദ്ദേഹം വിമർശിച്ചു. രാജ്ഭവൻ ഒരിക്കലും അങ്ങനെ ഒരു പ്രഭാഷണത്തിന് വേദിയാകാന്‍ പാടില്ലായിരുന്നു. ഗവര്‍ണറുടെ നിലപാടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അപകടകരമായ സാഹചര്യമൊരുക്കും. രാജ്ഭവന്‍ കക്ഷിരാഷ്ട്രീയത്തിന് വേദിയാകാന്‍ പാടില്ല. രാഷ്ട്രീയത്തിൻ്റെ ഭാഗമായി നില്‍ക്കുമ്പോഴും പൊതു ഇടങ്ങളില്‍ രാഷ്ട്രീയ ചിഹ്നങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.























