വിരമിച്ച ജഡ്ജിമാർ സർക്കാർപദവി സ്വീകരിക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: വിരമിച്ചയുടനെ ജഡ്ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവെച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജനങ്ങൾക്കിടയിൽ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്. അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് യു.കെ. സുപ്രീംകോടതിയുടെ ചർച്ചയിൽ പങ്കെടുത്ത് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

വിരമിച്ചശേഷം ഒരു ജഡ്ജി സർക്കാർ പദവി സ്വീകരിക്കുകയോ രാജിവെച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്താൽ അത് ധാർമികമായ പ്രശ്നങ്ങളുയർത്തും. ജഡ്ജായിരുന്നയാൾ പിന്നീട് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥിയാകുമ്പോൾ ജുഡീഷ്യറിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംശയത്തിലാകും.

വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്നകാലത്ത് തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെട്ടേക്കുമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാരിൻ്റെ പദവികളൊന്നും വേണ്ടെന്ന് താനും സഹപ്രവർത്തകരിൽ ഒട്ടേറെപ്പേരും തീരുമാനിച്ചതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഈയിടെ സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് അഭയ് എസ്.ഓകയുടെ യാത്രയയപ്പ് ചടങ്ങിൽ, ചീഫ് ജസ്റ്റിസായി വിരമിച്ചശേഷം പദവികൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കണം. ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിടുന്നതുപോലെ സുതാര്യതയുറപ്പാക്കാനും നടപടിവേണം. ജുഡീഷ്യറിയുടെ ഭാഗത്തുണ്ടാകുന്ന ക്രമക്കേടുകളിൽ ഉടനടി നടപടിയെടുത്ത് പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമമുണ്ടാകുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Recent Articles

Related Articles

Special